റാഫേല്‍ ഇടപാട്: ഫ്രഞ്ച് മാധ്യമങ്ങളെ തള്ളി ദസ്വാൾട്ട് ഏവിയേഷൻ
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മാധ്യമം നടത്തിയ റിപ്പോര്‍ട്ടിനെ തള്ളി റാഫേല്‍ വിമാന നിര്‍മ്മാതാക്കളായ ദസ്വാൾട്ട് ഏവിയേഷൻ രംഗത്ത്. റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥ ആയിരുന്നുവെന്നായിരുന്നു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മാധ്യമം നടത്തിയ റിപ്പോര്‍ട്ടിനെ തള്ളി റാഫേല്‍ വിമാന നിര്‍മ്മാതാക്കളായ ദസ്വാൾട്ട് ഏവിയേഷൻ രംഗത്ത്. റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നത് നിര്‍ബന്ധിത വ്യവസ്ഥ ആയിരുന്നുവെന്നായിരുന്നു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍, റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനിയുടെ സ്വതന്ത്രമായ തീരുമാനമാണ്. പങ്കാളിയെ തിരഞ്ഞെടുത്തത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ കരാറിന്റെ ചട്ടക്കൂടിനകത്ത് നിന്നെന്നും ദസ്വാൾട്ട് ഏവിയേഷൻ വ്യക്തമാക്കി.
റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കണമെന്നു നിര്‍ബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നതായി ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ടാണ് റിപ്പോര്‍ട്ട് ചെയ്തത്. ദസ്വാൾട്ട് ഏവിയേഷന്റെ കൈവശമുള്ള ഇതു സംബന്ധിച്ച രേഖ തങ്ങള്‍ക്കു ലഭിച്ചതായി മീഡിയപാര്‍ട്ട് അവകാശപ്പെട്ടിരുന്നു.
റാഫേല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫെന്‍സിനെ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചതായുള്ള ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദിന്റെ വിവാദപരാമര്‍ശം പ്രസിദ്ധീകരിച്ചതും മീഡിയപാര്ട്ടായിരുന്നു.
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പങ്കുണ്ടെന്ന് നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ, റാഫേല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീം കോടതി അവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ രേഖകള്‍ പുറത്തുവരുന്നത്. എന്തായാലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തെ ഇത്തരം വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷത്തിന് പുതിയ ഊര്‍ജം നല്‍കും.