കൊൽക്കത്ത : പ്രണയബന്ധത്തെ എതിർത്ത അമ്മയെ തലക്കടിച്ച് കൊന്ന് കുളത്തിലിട്ട പെണ്‍മക്കള്‍ അറസ്റ്റില്‍‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പശ്ചിമ ബംഗാളിലെ ജിയാഗഞ്ച് സ്വദേശിനിയും പുർബ പ്രൈമറി സ്‌കൂൾ പ്രധാന അദ്ധ്യാപികയുമായ കല്‍പ്പന ദേയ് സർക്കാറിനെയാണ് മക്കള്‍ കൊലപ്പെടുത്തിയത്. 


സംഭവത്തില്‍ കല്‍പ്പനയുടെ മക്കളായ ശ്രേയ (18), റിഥിക (19) എന്നിവരെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു.


ഒക്ടോബർ ഏഴുമുതൽ കാണാതായ കല്പനയെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് മക്കൾ പരാതി നൽകാതിരുന്നതാണ് സംശയത്തിനിടയാക്കിയത്.


തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മാവന്‍റെ വീട്ടിൽ പോയെന്ന് കരുതിയാണ് പരാതി നൽകാതിരുന്നതെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. 


എന്നാല്‍, ശ്രേയയുടെ പ്രണയം എതിര്‍ത്തതിനെ തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയതായി പിന്നീട് ഇരുവരും സമ്മതിക്കുകയായിരുന്നു. 


പ്രണയം കൂടാതെ, ഇരുവരുടെയും സുഹൃത്തുക്കൾ വീട്ടിൽ വരുന്നതും കല്‍പന വിലക്കിയിരുന്നു. ഒക്ടോബർ ആറിന് രാത്രിയാണ് അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കല്‍പനയെ കൊലപ്പെടുത്തിയത്. 


തുടര്‍ന്ന്, ശ്രേയയുടെ കാമുകന്‍റെ സഹായത്തോടെ മൃതദേഹം സമീപത്തെ കുളത്തിലിട്ടുവെന്നാണ് പൊലീസ് പറയുന്നത്.


കൂടാതെ, മക്കളും കല്‍പനയും തമ്മിൽ എപ്പോഴും തർക്കമായിരുന്നുവെന്നും മക്കൾ കല്‍പനയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും അയൽവാസികൾ പൊലീസിനോട് പറഞ്ഞു.  


12 വർഷങ്ങൾക്കു മുൻപ് ഭർത്താവ് മരണപ്പെട്ടതിനു ശേഷം കല്‍പന ഒറ്റക്കാണ് മക്കളെ വളർത്തിയത്. കൊലയിൽ പങ്കാളിയായ ശ്രേയയുടെ കാമുകന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.