മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന കൂട്ടാളിയായ ഫറൂഖ് തക്‌ല അറസ്റ്റില്‍. തക്‌ലയെ നാടുകടത്താൻ യുഎഇ ഭരണകൂടം അനുമതി നൽകിയതോടെയാണ് ഇയാളെ ഡൽഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ദുബായിൽ നിന്ന് മുംബൈയിലെത്തിച്ച് തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാക്കി. ഇയാളെ ഇപ്പോള്‍ സിബിഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

1993ലെ മുംബൈ സ്‌ഫോടന കേസിലെ പ്രതികളിലൊരാളാണ് ഇയാള്‍. സ്‌ഫോടനത്തിനു ശേഷം ഇയാള്‍ ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് 1995ല്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൂഢാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയവയടക്കം നിരവധി വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 


ദുബായിലും പാകിസ്ഥാനിലും ഒളിവില്‍ കഴിയുന്ന പ്രതികളെ വിട്ടുകിട്ടുന്നതിന് ഇന്ത്യ നടത്തിവരുന്ന നയതന്ത്ര നീക്കങ്ങളുടെ വിജയമായാണ് ഫറൂഖ് തക്‌ലയുടെ അറസ്റ്റ്. തക്‌ല ദുബായിലുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇയാള്‍ പിടിയിലായത് ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിന് വലിയ തിരിച്ചടിയാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം പറഞ്ഞു.


1993 ൽ ദാവൂദ് സംഘത്തിന്‍റെ ആസൂത്രണത്തിൽ മുംബൈയില്‍ വിവിധയിടങ്ങളിലായി 12 ബോംബ് സ്‌ഫോടനങ്ങളാണ് ദാവൂദ് ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ നടത്തിയത്. ഈ സ്ഫോടനങ്ങളിൽ 257 പേരാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച 12 ബോംബുകൾ പൊട്ടിത്തെറിച്ച് എഴുന്നൂറോളം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനക്കേസിൽ പങ്കാളിത്തമുണ്ടെന്ന് തെളിഞ്ഞതോടെ തക്‌ലയ്ക്കെതിരെ 1995 ൽ റെഡ് കോർണർ നോട്ടിസ് പുറത്തിറക്കിയെങ്കിലും ഇയാൾ ഇന്ത്യയിൽനിന്ന് കടന്നുകളയുകയായിരുന്നു.


ദുബായിൽനിന്നും തക്‌ലയെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയത്. ദുബായിൽവച്ച് സിബിഐ സംഘത്തിന്‍റെ വലയിലായ ഇയാളെ നാടുകടത്താൻ ദുബായ് ഭരണകൂടം അനുവദിച്ചത് ശ്രദ്ധേയമായ നയതന്ത്രവിജയമായാണ് വിലയിരുത്തുന്നത്. മുംബൈയിലെ അധോലോക കുറ്റവാളിയായ അബു സലേമിനെ മുൻപ് പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലെത്തിക്കാനായെങ്കിലും അത് സലേമിന് വധശിക്ഷ ഒഴിവാക്കുമെന്ന ധാരണയ്ക്കുമേലായിരുന്നു.


മുംബൈയിലെ കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള ആർതർ റോഡ് സെൻട്രൽ ജയിലിലാക്കുമെങ്കിൽ ദാവൂദ് ഇബ്രാഹിമും ഇന്ത്യയിലേക്കു മടങ്ങാൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഇതിനിടെയാണ് തക്‌ലയുടെ അറസ്റ്റ്.