സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത് വിദഗ്ധരുമായും രക്ഷിതാക്കളുമായും കൂടിയാലോചിച്ചതിന് ശേഷമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി Manish Sisodia
സ്കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ല ഓൺലൈൻ ക്ലാസ്സുകൾ എന്നും മനീഷ് സിസോദിയ പറയുന്നു
ന്യൂഡൽഹി: ഡൽഹിയിൽ സ്കൂളുകൾ (School) തുറക്കാൻ തീരുമാനിച്ചത് വിദഗ്ധരുമായും രക്ഷിതാക്കളുമായും കൂടിയാലോചിച്ചതിന് ശേഷമാണെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. രക്ഷിതാക്കളും അധ്യാപകരും തീരുമാനത്തിന് അനുകൂലമായിരുന്നു. സ്കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ല ഓൺലൈൻ ക്ലാസ്സുകൾ (Online class) എന്നും മനീഷ് സിസോദിയ പറയുന്നു.
എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയാണ് സ്കൂളുകൾ തുറക്കുന്നത്. ഏതെങ്കിലും സ്കൂളിൽ കൊവിഡ് വ്യാപനം ഉണ്ടായാൽ സ്കൂൾ അടയ്ക്കാൻ 30 മിനിറ്റ് മാത്രം മതിയെന്നും മനീഷ് സിസോദിയ പറഞ്ഞു. സ്കൂളുകൾ തുറന്നതിൽ അധ്യാപകരും വിദ്യാർഥികളും വളരെ ആവേശത്തിലാണെന്നും മനീഷ് സിസോദിയ പറയുന്നു. തലസ്ഥാനത്ത് കനത്ത മഴ മൂലം സ്കൂളുകൾ തുറന്ന ആദ്യ ദിവസം ഹാജർ നില കുറവായിരുന്നു.
പല സംസ്ഥാനങ്ങളിലും ഇപ്പോഴും കൊവിഡ് കേസുകൾ വർധിച്ചുവരുന്നുണ്ടെങ്കിലും ഡൽഹിയെക്കുറിച്ച് ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും ആശങ്ക ഉണ്ടാകുകയാണെങ്കിൽ വീണ്ടും സ്കൂളുകൾ അടയ്ക്കും. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ (Covid cases) ഉയരുകയോ സ്കൂളുകളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുകയോ ചെയ്താൽ ഉടൻ സ്കൂളുകൾ അടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ കുട്ടികൾ പഠിക്കുന്ന ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ചെറിയ ക്ലാസുകൾ ഉടൻ തുറക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഇക്കാര്യം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തി തീരുമാനം കൈക്കൊള്ളും. സ്കൂളുകൾ കർശനമായി കൊവിഡ് പ്രോട്ടോകോളുകൾ പാലിക്കണം. ഇതിൽ എന്തെങ്കിലും വീഴ്ച സംഭവിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മനീഷ് സിസോദിയ പറഞ്ഞു.
വിദ്യാർഥികളുടെ ഭാവിയാണ് പ്രധാനമെന്നും അവർക്ക് അറിവ് ലഭിക്കുന്നതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സർക്കാർ ചെയ്യില്ലെന്നും മനീഷ് സിസോദിയ പറഞ്ഞു. ദില്ലി,രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകൾ തുറന്നത്. രാജ്യത്ത് ഇന്ന് 41,965 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കണക്കുകളിൽ 35.6 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് 460 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇന്നലെ മരണപ്പെട്ടത് 350 പേരായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positvity Rate) 2.61 ശതമാനമാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 30,203 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്, അതുകൂടാതെ 115 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...