Delhi riots case: ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളെ മോചിപ്പിക്കാൻ കോടതി ഉത്തരവ്
വിദ്യാർഥികൾക്ക് ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജാമ്യം ലഭിച്ച മൂന്ന് വിദ്യാർഥികളെ (Student leaders)) ഉടൻ മോചിപ്പിക്കണമെന്ന് ഡൽഹി വിചാരണക്കോടതി. ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് വിചാരണക്കോടതിയുടെ ഉത്തരവ്. മോചന വാറണ്ട് തിഹാർ ജയിൽ (Tihar jail) അധികൃതർക്ക് ഇ- മെയിലായി അയച്ചു. അതേസമയം, വിദ്യാർഥികൾക്ക് ജാമ്യം നൽകിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹി കലാപക്കേസിൽ (Delhi riots) ജാമ്യം ലഭിച്ച മൂന്ന് വിദ്യാർഥികളുടെ മോചനം പൊലീസ് വൈകിപ്പിക്കുന്നുവെന്ന് വിദ്യാർഥികളുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കേസിൽ വിദ്യാർഥികൾക്കെതിരെ യുഎപിഎ ആണ് ചുമത്തിയിരിക്കുന്നത്. ജെഎൻയുവിലെ വിദ്യാർഥികളായ ദേവാംഗന കലീത്ത, നടാഷ നാർവാൾ, ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കാണ് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.
വിദ്യാർഥികളുടെ മോചനം വൈകിപ്പിക്കാൻ ഡൽഹി പൊലീസ് അവരുടെയും അവരുടെ ജാമ്യം നിന്നവരുടെയും മേൽവിലാസങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ അപേക്ഷ സമർപ്പിച്ചു. തുടർന്നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും വിദ്യാർഥികളുടെ മോചനം വൈകിപ്പിക്കാൻ ഡൽഹി പൊലീസ് (Delhi police) ശ്രമിക്കുന്നുവെന്ന് അഭിഭാഷകൻ ആരോപിച്ചത്.
വിദ്യാർഥികളുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ളവ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നാണ് പൊലീസിന്റെ വാദം. വിദ്യാർഥികൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡൽഹി കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ഡൽഹിയിലുണ്ടായ കലാപത്തിൽ 53 പേരാണ് കൊല്ലപ്പെട്ടത്. 200ലേറെ പേർക്ക് പരിക്കേറ്റിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തി, പ്രകോപനപരമായി പ്രസംഗിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്തത്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള തിരക്കിനിടെ അധികൃതർ പ്രതിഷേധവും ഭീകര പ്രവർത്തനവും തമ്മിലുള്ള അതിർ വരമ്പ് അവ്യക്തമാക്കിയെന്ന് ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...