ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന കലാപത്തില്‍ ഇതുവരെ 630 പേര്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ 123 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ ഡല്‍ഹി പോലീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.


മാത്രമല്ല ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.


പോലീസിന്‍റെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളിലേക്ക് വരുന്ന ഫോണ്‍ വിളികളുടെ എണ്ണത്തില്‍ ഇപ്പോള്‍ കുറവുണ്ടെന്നും വരും ദിവസങ്ങളില്‍ കലാപബാധിത പ്രദേശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 


മാത്രമല്ല പ്രദേശങ്ങളിലുള്ള പൊലീസ് വിന്യാസം തുടരുമെന്നും ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണത്തിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.


ഡല്‍ഹിയില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി നടന്ന കലാപങ്ങളില്‍ മരിച്ചവരുടെ എണ്ണം 42 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ 200 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. 


പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. കലാപത്തില്‍ ഡല്‍ഹിയില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ പൊതു മുതലാണ് കലാപകാരികള്‍ നശിപ്പിച്ചിരിക്കുന്നത്. 


യുപി സര്‍ക്കാര്‍ നടപടിയ്ക്ക് സമാനമായി പൊതു മുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കലാപകാരികളില്‍ നിന്നും ഈടാക്കുമെന്നും സൂചനയുണ്ട്.


ഇതിനിടയില്‍ കലാപവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ കൈവശമുള്ളവര്‍ അവ കൈമാറണമെന്ന് ഡല്‍ഹി പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൂടാതെ വിവരങ്ങള്‍ അറിയിക്കാന്‍ രണ്ട് ടോള്‍ ഫ്രീ നമ്പറുകളും പോലീസ് സജ്ജമാക്കിയിട്ടുണ്ട്.  8750871221, 8750871227 എന്നിവയാണ് നമ്പറുകള്‍.