ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകം സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍ നീങ്ങുമ്പോഴായിരുന്നു മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത്. ഇതോടെ മറ്റു രാജ്യങ്ങള്‍ പുരോഗതി കൈവരിക്കുമ്പോള്‍ ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ തകര്‍ന്നുവെന്നും ഇത് ജി.ഡി.പിയെ ബാധിച്ചുവെന്നും രഘുറാം രാജന്‍ വിമര്‍ശിച്ചു.


രണ്ടു വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ മൂല്യം കൂടിയ നോട്ടുകളുടെ നിരോധനം ഇന്ത്യയുടെ വളര്‍ച്ചയെ കാര്യമായി തന്നെ ബാധിച്ചു. ഇതിനെ സാധൂകരിക്കുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. 2017 ല്‍ ലോകം സാമ്പത്തിക വളര്‍ച്ച കൈവരിച്ചപ്പോള്‍ ഇന്ത്യയുടെ സാമ്പദ് രംഗത്ത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചത് നോട്ട് നിരോധനമായിരുന്നു. 


രാജ്യത്തിന്‍റെ സാമ്പത്തിക തകര്‍ച്ചക്ക് നോട്ട് നിരോധനം മാത്രമല്ല, തൊട്ടുപിന്നാലെ നടപ്പാക്കിയ ജി.എസ്.ടിയും അടുത്ത കൂട്ടാളിയാണ്. 2017-18 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കള്ളപ്പണത്തിന്‍റെ ഒഴുക്ക് തടയാനെന്ന പേരിലാണ് 8 നവംബര്‍ 2016ന് 500, 1000 രൂപയുടെ കറന്‍സി നോട്ടുകളെല്ലാം പിന്‍വലിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് നിരോധം ഏര്‍പ്പെടുത്തിയത്. ഈ നീക്കം കര്‍ഷകരേയും ചെറുകിട വ്യവസായികളേയും സാരമായി ബാധിച്ചുവെന്ന ആരോപണമുയര്‍ന്നിരുന്നു. നോട്ട് നിരോധനം, ഇന്ത്യയിലെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.