റൂള്‍ ബുക്ക് വലിച്ചെറിഞ്ഞു; ഡെറക് ഒബ്രിയന് എംപിയെ സസ്പെൻഡ് ചെയ്തു
അധ്യക്ഷന്‍റെ ഇരിപ്പിടത്തിന് നേരെ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
ന്യൂഡൽഹി: രാജ്യസഭയുടെ ശീതകാല സമ്മേളനത്തിന്റെ തുടർ ദിവസങ്ങളിൽ പങ്കെടുക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയന് വിലക്ക്. അധ്യക്ഷന്‍റെ ഇരിപ്പിടത്തിന് നേരെ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടയിലാണ് സംഭവം. ക്രമപ്രശ്നം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒബ്രിയന്‍ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞത്.
അതേസമയം കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ ബഹളം വകവയ്ക്കാതെയാണ് ബില്ല് പാസാക്കിയത്. കേന്ദ്ര സർക്കാർ ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് ബിൽ അവതരിപ്പിച്ചതെന്നും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം മുന്നോട്ട് പോയത്. ബിൽ നിയമം ആകാൻ രാഷ്ട്രപതി കൂടി ഒപ്പുവച്ചാൽ മതിയാകും. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയിരുന്നു. അതിനിടെ ബില്ലിനോടുള്ള എതിർപ്പ് പ്രകടിച്ചിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞ ദിവസം ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയതും പ്രതിപക്ഷ ബഹളത്തിനിടെയാണ്. വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോൾ രണ്ട് മിനിറ്റ് കൊണ്ടാണ് സുപ്രധാനമായ ബിൽ സർക്കാർ ലോക്സഭയിൽ പാസാക്കിയെടുത്തത്.
ഒരു വർഷം നാല് തവണ പുതുക്കാനുള്ള വ്യവസ്ഥ ഈ ബില്ലിലുണ്ട്. ചില പ്രത്യേക കാരണങ്ങളാൽ ആധാർ ഹാജരാക്കിയില്ലെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്നും ബില്ലിൽ പറയുന്നു. എന്നാൽ സ്വകാര്യതയ്ക്കുള്ള മൗലിക അവകാശത്തിൻറെ ലംഘനമാണ് ബില്ലെന്നും സുപ്രീം കോടതിയുടെ ആധാർ വിധി ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...