കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കാന്‍ നീക്കം
കോണ്‍ഗ്രസ് നേതാവായ ഡി.കെ ശിവകുമാറാണ് ഈ പുതിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
ബംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ തുടരുന്നു. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കാനുള്ള അവസാന നീക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍.
കോണ്‍ഗ്രസ് നേതാവായ ഡി.കെ ശിവകുമാറാണ് ഈ പുതിയ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി ത്യാഗത്തിന് തയ്യാറാണെന്ന് ജെഡിഎസ് അറിയിച്ചതായി ശിവകുമാര്‍ വെളിപ്പെടുത്തി.
താനോ, സിദ്ധരാമയ്യയോ, ജി.പരമേശ്വരയോ ഇവരില്‍ ആര് വേണമെങ്കിലും മുഖ്യമന്ത്രിയാകട്ടെ എന്നാണ് ജെഡിഎസ് അറിയിച്ചിരിക്കുന്നത്. ഈ തീരുമാനം അവര്‍ ഹൈക്കമാന്‍ഡിനെയും അറിയിച്ചിട്ടുണ്ട്. നേതൃത്വമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നതായ വാര്‍ത്തകള്‍ പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു തള്ളിക്കളഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെ വിശ്വാസ വോട്ടെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടിയെന്ന് ഗുണ്ടുറാവു അറിയിച്ചു.
ശിവകുമാര്‍ പറഞ്ഞതുപോലെ ഒരു നിര്‍ദേശവുമില്ല, അങ്ങനെ ഒരു കാര്യം ആലോചിക്കുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ വീണാലുടന്‍ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കത്തിലാണ് ബിജെപി.
എന്തായാലും കര്‍ണാടക സര്‍ക്കാരിന്‍റെ ഭാവി എന്താകുമെന്ന് കാത്തിരുന്നുതന്നെ കാണേണ്ടിയിരിക്കുന്നു.