ന്യൂഡല്‍ഹി: മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാനായി ആശുപത്രിയില്‍ എത്തിയ യുവതിയെ ഡോക്ടര്‍ മര്‍ദിച്ചതായി പരാതി. കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നത്രെ ഡോക്ടർ മർദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

22 വയസുകാരിയായ ബുള്‍ബുള്‍ അറോറയ്ക്കാണ് ഇങ്ങനൊരു തിക്താനുഭവം ഉണ്ടായത്. യുവതിയുടെ കുടുംബാംഗങ്ങൾ ഡോ.ഹെഗ്ഡേവാര്‍ ആരോഗ്യ സന്‍സ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊലീസിൽ പരാതി നൽകി. ലേബർ റൂമിൽ വച്ച് ഡോക്ടർ യുവതിയെ മർദിച്ചെന്നാണ് പരാതി.


ശനിയാഴ്ച രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുൾ‌ബുളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ അവരെ ലേബര്‍ റൂമിലേക്ക് മാറ്റി. പ്രസവവേദനയില്‍ കരഞ്ഞ ബുള്‍ബുളിനെ ഒരു ഡോക്ടര്‍ ചീത്ത പറയുകയും തുടയില്‍ ഇടിക്കുകയുമായിരുന്നു എന്നാണ് പരാതി. 


11.20 ന് ബുള്‍ബുള്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. പക്ഷേ, ഉച്ചയ്ക്ക് 1.30 ആയപ്പോഴും വിവരം പുറത്തുണ്ടായിരുന്ന ബന്ധുക്കളെ അറിയിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. വിവരം തിരക്കാന്‍ ലേബര്‍ റൂമിലേക്ക് ഭര്‍ത്തൃമാതാവ് എത്തിയപ്പോഴാണ് അമ്മയെയും കുഞ്ഞിനേയും വേണ്ടത്ര പരിചരണം ഇല്ലാതെ കിടത്തിയിരിക്കുന്നത് കണ്ടത്. തുടർന്നാണ് ബുൾബുൾ തനിക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് ബന്ധുക്കളോട് പറഞ്ഞത്.


ഉടന്‍തന്നെ മെഡിക്കല്‍ ഓഫീസറെ വിവരമറിയിച്ചതിന്‍റെ വൈരാഗ്യത്താൽ ഞായറാഴ്ച രാവിലെ വരെ ബുള്‍ബുളിനെ കാണാന്‍ പോലും തങ്ങളെയാരെയും അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.


എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുശീല്‍കുമാര്‍ പ്രതികരിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പരാതിയില്‍ സത്യം ഉണ്ടെന്ന് തെളിഞ്ഞാല്‍ ആവശ്യമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.