സന്യാസിമാരുടെ കൊലപാതകം: വർഗീയത വേണ്ട, കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുക; പ്രിയങ്ക ഗാന്ധി
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ 2 സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവ൦ രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു...
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ 2 സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവ൦ രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു...
സംഭവത്തില്‍ പ്രതികരണവുമായി നിരവധി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ് .
ബുലന്ദ്ഷഹറിലെ പഗോൺ ഗ്രാമത്തില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിപ്രിയങ്ക ഗാന്ധി രംഗത്തെത്തി. സന്യാസിമാരുടെ കൊലപാതകം മൂലം സംസ്ഥാനത്ത് ക്രമസമാധാനനില വഷളായതിനെതിരെ അവര്‍ ഉത്തർപ്രദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ചു.
സംഭവത്തില്‍ വര്‍ഗ്ഗീയത കലര്‍ത്തരുതെന്നും കൊലപാതകത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ നിരവധി കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നിരിക്കുന്നത് എന്നരോപിച്ച അവര്‍ ഏപ്രിൽ 15 ന് മുമ്പ് പല സംഭവങ്ങളിലായി യുപിയിൽ നൂറോളം പേർ കൊല്ലപ്പെട്ടുവെന്നും പറഞ്ഞു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് എറ്റായിൽ, പച്ചൗരി കുടുംബത്തിലെ അഞ്ച് പേർ നിഗൂഡ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു, എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല എന്നും അവര്‍ പറഞ്ഞു.
ബുലന്ദ്ഷഹറിലെ പഗോൺ ഗ്രാമത്തിലെ ക്ഷേത്രത്തിൽ സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരിയ്ക്കുകയാണ്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് രാജു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് ഭാഷ്യം. ക്ഷേത്രത്തില്‍ താമസിക്കുന്നതിനിടെ സന്യാസിമാര്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന രാജു എന്നയാള്‍ മോഷ്ടാവാണെന്ന് നാട്ടുകാരോട് പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് കൊല ചെയ്യാന്‍ മുതിര്‍ന്നതെന്ന് പോലീസ് പറയുന്നു. മയക്കുമരുന്നിന് അടിമയായ ഇയാള്‍ വാളുപയോഗിച്ച് രണ്ട് പേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നും അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ വര്‍ഗീയമായി ഒന്നും തന്നെയില്ലെന്ന് പോലീസ് വ്യക്തമാക്കി.
Also read: ഉത്തർപ്രദേശിൽ 2 സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി
തിങ്കളാഴ്ചയാണ് ഇരു സന്യാസിമാരും കൊല്ലപ്പെട്ടത് എന്നാണ് അനുമാനം. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആളുകള്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. 55 വയസുള്ള ജഗന്‍ ദാസും 35 സേവ ദാസുമാണ് കൊല്ലപ്പെട്ടത്. പഗോണയിൽ താമസിക്കുന്ന പുരോഹിതന്മാർ കഴിഞ്ഞ 10 വർഷമായി ക്ഷേത്രത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. lock down പ്രഖ്യാപിച്ചതുമൂലം ഇവര്‍ ഈ ക്ഷേത്രത്തില്‍ താല്‍ക്കാലികമായി താമസിക്കുകയായിരുന്നു.