ജയ്‌പൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാനില്‍ നിന്നായിരുന്നു അദ്ദേഹം രാജ്യസഭയിലേക്ക് മത്സരിച്ചത്.


കഴിഞ്ഞ 13നായിരുന്നു അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്. മറ്റു സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്‌ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 2024 ഏപ്രില്‍ 3 വരെയാവും കാലാവധി.


അതേസമയം, നിയമസഭയില്‍ അംഗബലം കുറവായ ബിജെപി മന്‍മോഹന്‍ സിംഗിനെതിരെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചില്ല. ഇതോടെ മന്‍മോഹന്‍ സിംഗ് രാജ്യസഭ പ്രവേശനം ഉറപ്പിച്ചിരുന്നു. 


ബിജെപി സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ എംപിയുമായിരുന്ന മദന്‍ലാല്‍ സെയ്നി അന്തരിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ സീറ്റ് ഒഴിവ് വന്നത്. 


കഴിഞ്ഞ 28 വർഷമായി അസമിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മൻമോഹൻ സിംഗ്. എന്നാല്‍, അസമിൽനിന്നു ഇത്തവണ രാജ്യസഭയിലേക്ക് മന്‍മോഹന്‍ സിംഗിനെ അയക്കാനുള്ള അംഗസംഖ്യ കോണ്‍ഗ്രസിനില്ല. അതിനാലാണ് രാജസ്ഥാനില്‍ നിന്ന് മന്‍മോഹന്‍ സിംഗിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.