ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റ്; ഡൽഹി സർവകലാശാല പ്രൊഫസർ അറസ്റ്റിൽ
പള്ളിക്കുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദം സംബന്ധിച്ചായിരുന്നു രത്തൻ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ന്യൂ ഡൽഹി : വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഡൽഹി സർവകലാശാല അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സർവകലാശാലയ്ക്ക് കീഴിലെ ഹിന്ദു കോളേജിലെചരിത്രാധ്യാപകനായ രത്തൻ ലാലിനെയാണ് മത വിദ്വേഷം പ്രചരിപ്പിച്ചെന്ന പേരിൽ അറസ്റ്റ് ചെയ്തത്. പള്ളിക്കുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദം സംബന്ധിച്ചായിരുന്നു രത്തൻ ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നോർത്ത് ഡൽഹി സൈബർ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മത സൗഹൃദം തകർക്കുന്ന രീതിയിൽ വിദ്വേഷ പ്രചരണം നടത്തിയെന്നാണ് ആരോപണം.
ഡൽഹിയിലെ അഭിഭാഷകന്‍റെ പരാതിയിലാണ് ചൊവ്വാഴ്ച രാത്രി ലാലിനെതിരെ എഫ്ഐആർ രജിസ്ട്രർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 153A പ്രകാരം മതം, വർഗം തുടങ്ങിയവയുടെ പേരിൽ ശത്രുത ഉണ്ടാക്കുക, 295A പ്രകാരം മതവികാരം വ്രണപ്പെടുത്തുക എന്നീ വകുപ്പുകളാണ് രത്തൻ ലാലിനെതിരെ ചുമത്തിയത്. ശിവലിംഗത്തെ അവഹേളിക്കുന്നതും പ്രകോപനപരവുമായ പോസ്റ്റാണ് ലാൽ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതെന്നും അഡ്വ. വിനീത് ജിൻഡലിന്റെ പരാതിയിൽ പറയുന്നു. വിഷയം വളരെ വൈകാരിക സ്വഭാവമുള്ളതാണെന്നും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞാൽ മതവികാരം വ്രണപ്പെടുമെന്ന അവസ്ഥയാണുള്ളതെന്ന് അധ്യാപകൻ ആരോപിച്ചു. നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ പോസ്റ്റിട്ട ശേഷം തന്റെ 20 വയസ്സുള്ള മകന് ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ആഴ്ച ലാൽ ട്വീറ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...