ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍വ്യാപക നാശം വിതച്ച പൊടിക്കാറ്റ് വീണ്ടും വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അടുത്ത 48 മണിക്കൂര്‍ ജാഗ്രത പാലിക്കാന്‍ കാലാവസ്ഥാ ഏജന്‍സിയായ സ്കൈമെറ്റ് നിര്‍ദേശിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് സ്കൈമെറ്റ് അധ്യക്ഷന്‍ മഹേഷ് പലാവട്ട് പറഞ്ഞു. അതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 


പത്ത് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് പൊടിക്കാറ്റ് ഉത്തരേന്ത്യയെ വിറപ്പിക്കുന്നത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഹരിയാന എന്നിവിടങ്ങളിലും പൊടിക്കാറ്റ് നാശനഷ്ടം വിതച്ചു. ഔദ്യോഗിക കണക്ക് പ്രകാരം 134 പേരാണ് കൊല്ലപ്പെട്ടത്. നാനൂറോളം പേര്‍ക്ക് പരിക്കേറ്റു. പൊടിക്കാറ്റ് ഏറ്റവും മോശമായി ബാധിച്ചത് ഉത്തര്‍പ്രദേശിനെയാണ്. 


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തരേന്ത്യയില്‍ താപനിലയും ഉയര്‍ന്ന നിലയിലാണ്. ചൂട് കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചു. അതിനൊപ്പം പൊടിക്കാറ്റ് കൂടി വീശുന്നത് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. കുടിവെള്ള വിതരണത്തേയും ബാധിച്ചു. 


അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ കരുതിയിരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.