ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് നടത്തുന്ന റെയ്ഡില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ റവന്യു സെക്രട്ടറിയെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ടാക്സ് (സിബിഡിടി) ചെയര്‍മാനെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചു.


റവന്യു സെക്രട്ടറി എ.ബി. പാണ്ഡേയും, സിബിഡിടി ചെയര്‍മാന്‍ പിസി മോദിയെയുമാണ്‌ കമ്മീഷന്‍ വിളിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു കാലത്ത് ബിജെപി എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റവന്യൂ സെക്രട്ടറിയെയും സിബിഡിടി ചെയര്‍മാനെയും കമ്മീഷന്‍ വിളിപ്പിച്ചിരിക്കുന്നത്. 


കര്‍ണാടക, മധ്യപ്രദേശ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് സംഘടിപ്പിച്ചതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഈ നടപടി.


അതേസമയം റെയ്ഡുകള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്‍ഫോഴ്സ്മെന്റിനും ആദായനികുതി വകുപ്പിനും കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല നടപടികള്‍ നിഷ്പക്ഷവും വിവേചനരഹിതവുമായിരിക്കണമെന്ന് ഞായറാഴ്ച തിരഞ്ഞെടുപ്പു കമ്മീഷന്‍ ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു.


മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ സഹായികളുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയായിരുന്നു നിര്‍ദ്ദേശം.