അമ്പും വില്ലും ഷിൻഡെയ്ക്ക്, അടിതെറ്റി താക്കറെ.. ഇനി യഥാർത്ഥ ശിവസേന ഇതാണ്
മാസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനും അധികാര തർക്കത്തിനുമാണ് തീരുമാനമായിരിക്കുന്നത്
ഏക്നാഥ് ഷിൻഡെ പക്ഷം യഥാർഥ ശിവസേനയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ .രാഷ്ട്രീയ പാർട്ടി സംബന്ധിച്ച അവകാശവാദത്തിൽ ഉദ്ദവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടി. പാർട്ടി ചിഹ്നമായ അമ്പും വില്ലും ഷിൻഡെ പക്ഷത്തിന് ഉപയോഗിക്കാം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അനുമതി നൽകിയത്.
മാസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനും അധികാര തർക്കത്തിനുമാണ് തീരുമാനമായിരിക്കുന്നത്. ഉദ്ധവ് താക്കറെക്കേറ്റ തിരിച്ചടിയിലൂടെ ശിവസേനയെന്ന പേരും പാർട്ടി ചിഹ്നവും താക്കറെ കുടുംബത്തിന് നഷ്ടമാവുകയാണ്. മഹാരാഷ്ട്രയെ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കുന്ന പ്രഖ്യാപനമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയത്.
തീരുമാനം വന്ന് മണിക്കൂറുകൾക്കകം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തന്റെ ട്വിറ്റർ പ്രൊഫൈൽ ചിത്രം മാറ്റിയിട്ടുണ്ട്. ശിവസേനയുടെ 'വില്ലും അമ്പും' ചിഹ്നവുമാണ് പുതിയ ചിത്രം.അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് രാജ്യം പ്രവർത്തിക്കുന്നതെന്നും ആ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ രൂപീകരിച്ചതെന്നും പ്രതികരിച്ച ഏക്നാഥ് ഷിൻഡെ
തിരഞ്ഞെടുപ്പ് കമ്മീഷനോട് നന്ദിയും രേഖപ്പെടുത്തി.
പേരും ചിഹ്നവും ലഭിച്ച ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ മഹാരാഷ്ട്രയിൽ വിവിധ ഭാഗങ്ങളിൽ ആഘോഷപ്രകടനങ്ങളും നേതാക്കളും പ്രവർത്തകരും ഒരുക്കി.
40 എംഎൽഎമാരുമായി ഏകനാഥ് ഷിൻഡെ ശിവസേന വിട്ടതോടെ ഭരണകക്ഷിയായ മഹാവികാസ് അഘാഡി സർക്കാർ തകർന്നിരുന്നു. പിന്നാലെ ഷിൻഡെ പക്ഷം ബിജെപിയുമായി ചേർന്നാണ് സംസ്ഥാനത്തെ ഭരണം പിടിച്ചെടുത്തത്.
ബാലാസാഹേബ് താക്കറെയുടെ ആശയങ്ങളിൽ പ്രവർത്തിക്കുന്ന ഷിൻഡെയുടെ ശിവസേന യഥാർത്ഥ ശിവസേനയായി മാറിയെന്ന് ബിജെപി പ്രതികരിച്ചു. ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി ദേവനാഥ് ഫട്നാവിസ് ആശംസകളും നേർന്നു.. കടുത്ത രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിവെച്ച് ഒടുവിൽ കോടതിയിലേക്കും തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പിലേക്കുമെത്തിയ താക്കറെ - ഷിൻഡെ രാഷ്ട്രീയ പോരിലാണ് ഷിൻഡെക്ക് അനുകൂലമായ തീരുമാനം വന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...