ന്യൂഡല്‍ഹി: നേതാക്കളുടെ പെരുമാറ്റച്ചട്ടലംഘനത്തിന് തക്ക നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേതാക്കള്‍ നടത്തുന്ന പെരുമാറ്റ ചട്ട ലംഘനത്തില്‍ എന്തു നടപടി കൈക്കൊണ്ടുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതിയും ചോദിച്ചിരുന്നു. അതിനുപിന്നാലെയാണ് യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി, അസം ഖാന്‍ എന്നിവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയടുത്തത്.  


തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ ഒടുവിലത്തെ ശാസന ലഭിച്ചിരിക്കുന്നത് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിക്കാണ്. ഇന്ത്യന്‍ സൈന്യത്തെ "മോദിസേന" എന്നു വിശേഷിപ്പിച്ചതിനാണ് കേന്ദ്രമന്ത്രിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരിക്കുന്നത്. 


രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചു കൊണ്ട് സൈന്യത്തെ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മന്ത്രിയോട് ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 


ലഖ്നൗവില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയിലാണ് പാക്കിസ്ഥാനിലെ തീവ്രവാദികള്‍ക്ക് "മോദിസേന" ചുട്ടമറുപടി നല്‍കി എന്ന് പറഞ്ഞത്. നേരത്തെ ഇതേ പരാമര്‍ശം നടത്തിയ യോഗി ആദിത്യനാഥിനെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു. ഇതേ മാതൃകയില്‍ ശക്തമായ നടപടി എടുക്കണമെന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ നഖ്വിയുടെ മറുപടി ലഭിച്ച ശേഷം നടപടി എടുക്കാം എന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. 


സൈന്യത്തെയും ബാലാക്കോട്ട് ആക്രമണത്തെയും തിരഞ്ഞടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പേ തന്നെ വിലക്കിയിരുന്നു. എന്നാല്‍ അത് അവഗണിച്ച് പ്രധാനമന്ത്രിയുള്‍പ്പെടെ ബിജെപിയുടെ നിരവധി നേതാക്കള്‍ സൈന്യത്തെയും ബാലാക്കോട്ട് ആക്രമണത്തെയും തിരഞ്ഞടുപ്പ് പ്രചാരണത്തില്‍ [പരാമര്‍ശിച്ചിരുന്നു.