Encounter: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; 5 ഭീകരരെ വധിച്ച് സൈന്യം
Kupwara Encounter: കുപ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. കുപ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ നടന്ന മേഖലയില്‍ തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് കശ്മീര്‍ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് കുമാര്‍ അറിയിച്ചു.
വടക്കന്‍ കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ജുമാഗുണ്ട് മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി ഓപ്പറേഷന്‍ ആരംഭിച്ചത്. കുപ്വാര പോലീസ് കൈമാറിയ വിവര പ്രകാരം നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്. ഏറ്റുമുട്ടലിന് പിന്നാലെ മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. മേഖലയില്‍ ഇനിയും ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന.
ALSO READ: ശാന്തമാകാതെ മണിപ്പൂർ, കേന്ദ്രമന്ത്രി രാജ് കുമാര്‍ സിംഗിന്‍റെ വീടിന് അക്രമികൾ തീയിട്ടു
അടുത്തിടെയായി ജമ്മു കശ്മീരിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീകരരുടെ നിരവധി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ജമ്മു കശ്മീരില്‍ വ്യാപകമായ പരിശോധനയുമായി സൈന്യം മുന്നോട്ടു പോകുകയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പൂഞ്ച് സെക്ടറിന് സമീപം സൈന്യം ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം തകര്‍ത്തിരുന്നു. ഇവരുടെ പക്കല്‍ നിന്ന് നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിരുന്നു.
ജൂണ്‍ 13ന് കുപ്വാര ജില്ലയുടെ അതിര്‍ത്തിയില്‍ ജമ്മു കശ്മീര്‍ പോലീസും സൈന്യവും നടത്തിയ സംയുക്ത ഓപ്പറേഷന്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഫെബ്രുവരി 10ന് ശേഷം നിരവധി നുഴഞ്ഞു കയറ്റ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. ഇതിന്റെ തുടര്‍ച്ചയായുള്ള തെരച്ചിലുകളിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...