EPF: പലിശനിരക്ക് 0.25% കുറച്ചേക്കും...
ഫെബ്രുവരി 1ന് നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാനിരിക്കേ ഏറെ പ്രതീക്ഷകളോടെയാണ് സാധാരണ ജനങ്ങള്‍.
ന്യൂഡല്‍ഹി: ഫെബ്രുവരി 1ന് നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കാനിരിക്കേ ഏറെ പ്രതീക്ഷകളോടെയാണ് സാധാരണ ജനങ്ങള്‍.
എന്നാല്‍, ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍ അനുസരിച്ച്, ഈ സാമ്പത്തിക വര്‍ഷം പ്രോവിഡന്‍റ് ഫണ്ട് (EPF) നിക്ഷേപത്തിന്‍റെ പലിശ കുറച്ചേക്കും. നിലവില്‍ 8.65% ആണ് EPF പലിശനിരക്ക്. അത് 0.25% വരെ കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചന. അങ്ങനെയെങ്കില്‍ പലിശ 8.35% ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. EPF പലിശ സംബന്ധിച്ച തീരുമാനം ഈ മാസ൦ അവസാനമുണ്ടാകും.
സാമ്പത്തികമാന്ദ്യവും ഓഹരിവിപണിയിലുണ്ടായ ഇടിവുംകാരണം 2018-19 ലേതുപോലെ ഇക്കൊല്ലം 8.65% പലിശ നല്‍കാനാവില്ലെന്ന് ഉന്നത വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. . പലിശനിരക്കിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക ധനമന്ത്രാലയമാണെങ്കിലും പ്രോവിഡന്‍റ് ഫണ്ട് ട്രസ്റ്റ് യോഗം അതുസംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കേണ്ടതുണ്ട്.
സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന വര്‍ഷമാണെങ്കിലും 8.65%തന്നെ ഇക്കുറിയും നല്‍കാന്‍ തങ്ങള്‍ സമ്മര്‍ദം ചെലുത്തുമെന്ന് സി.ബി.ടി. (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്) അംഗം പറഞ്ഞു.
സി.ബി.ടി. യോഗം ഉടനെ ചേരുന്നുണ്ട്. കഴിഞ്ഞകൊല്ലം 8.65% പലിശ നല്‍കാന്‍ സി.ബി.ടിയും തുടര്‍ന്ന് തൊഴില്‍മന്ത്രാലയവും നല്‍കിയ ശുപാര്‍ശ ഏഴുമാസം കഴിഞ്ഞാണ് ധനമന്ത്രാലയം അംഗീകരിച്ചത്.