`ജമ്മു-കശ്മീർ, ആർട്ടിക്കിൾ 370 ഇന്ത്യയുടെ ആഭ്യന്തര വിഷയ൦`
ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടത് സമാധാനവും വികസനവുമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘ൦.
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടത് സമാധാനവും വികസനവുമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘ൦.
കശ്മീര്‍ സന്ദര്‍ശനത്തിനുശേഷം ശ്രീനഗറില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് സംഘം ഇപ്രകാരം അഭിപ്രായപ്പെട്ടത്. സംഘത്തെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ നിന്നുള്ള ഹെൻറി മലോസേ, തിയറി മരിയാനി, പോളണ്ടിൽ നിന്നുള്ള റിസ്സാർഡ് സർനെക്കി, യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ബിൽ ന്യൂട്ടൺ ഡൺ എന്നിവരാണ് പത്ര സമ്മേളനത്തില്‍ പങ്കെടുത്തത്.
ജമ്മു-കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും, കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാട് തികച്ചും ആഭ്യന്തര വിഷയമാണെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘ൦ ചൂണ്ടിക്കാട്ടി. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര തീരുമാനമാണെന്നും സംഘം അറിയിച്ചു. കശ്മീര്‍ വിഷയത്തിനും, ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനും പൂര്‍ണ്ണ പിന്തുണയാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘ൦ പ്രഖ്യാപിച്ചിരിക്കുന്നത്.
തീവ്രവാദം ഇന്ത്യയുടെ മാത്രം പ്രശ്നമല്ല. ഇത് ഒരു അന്താരാഷ്ട്ര പ്രശ്നമാണ്. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കുന്നു. തീവ്രവാദത്തിന് നിങ്ങളുടെ രാജ്യത്തെ നശിപ്പിക്കാൻ കഴിയും. തീവ്രവാദം ഫ്രാൻസിന്‍റെയും യൂറോപ്പിന്‍റെയും പ്രശ്‌നമാണ്. കശ്മീർ മറ്റൊരു അഫ്ഗാനിസ്ഥാനാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, സംഘം പ്രതികരിച്ചു.
പുതുതായി രൂപംകൊണ്ട കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീര്‍ സന്ദർശനത്തിനുശേഷം, പ്രദേശത്തെ ജനങ്ങൾ സമാധാനവും വികസനവുമാണ് ആഗ്രഹിക്കുന്നതെന്ന് സംഘം പ്രതികരിച്ചു. കൂടാതെ, പ്രദേശത്തെ ജനങ്ങൾക്ക് സർക്കാരിൽ നിന്ന് നിരവധി പ്രതീക്ഷകളുണ്ടെന്നും ജമ്മു-കശ്മീരില്‍ വികസന അന്തരീക്ഷമുണ്ടെന്നും സംഘം കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീര്‍ത്തും താത്പര്യമില്ല എന്നുറപ്പിച്ചുപറഞ്ഞ സംഘം, തങ്ങളുടെ സന്ദര്‍ശനം ഒരു രാഷ്ട്രീയ വിഷയമാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും വ്യക്തമാക്കി. സംഘത്തിന്‍റെ ലക്ഷ്യം ജമ്മു-കശ്മീരിലെ സാധാരണക്കാരെ സന്ദര്‍ശിക്കുക എന്നതായിരുന്നുവെന്നും സന്ദര്‍ശനം നല്ല അനുഭവമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടത് സമാധാനവും വികസനവുമാണ്. അവർക്ക് സ്കൂളും ആശുപത്രികളും വേണം. ഈ ആവശ്യങ്ങള്‍ക്ക് മികച്ച പരിഹാരം കണ്ടെത്താൻ ഇന്ത്യയുടെ പിന്തുണ ആവശ്യമാണ്, ഒരു പ്രതിനിധി പറഞ്ഞു.
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും ആർട്ടിക്കിൾ 370 റദ്ദാക്കുക എന്നത്, ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും എംപിമാർ ഊന്നിപ്പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച സംഘം, ഇരു രാജ്യങ്ങളും തമ്മില്‍ ചർച്ചകൾ ആവശ്യമാണ് എന്നും ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനില്‍ താമസിക്കുന്ന ക്രിസ്ത്യൻ സമൂഹവും അവിടെ സുരക്ഷിതരല്ല എന്നും സംഘാംഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരപരാധികളെ തീവ്രവാദികൾ കൊലപ്പെടുത്തിയതും പ്രതിനിധി സംഘ൦ അപലപിച്ചു
അതേസമയം, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും.