കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെട്ട നിരവധി അപകടങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. 
ഇത് ശ്രദ്ധയിൽപെട്ട കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി  നിതിൻ  ഗഡ്ക്കരിയാണ് ഇപ്പോൾ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്.  തകരാറുള്ള വാഹനങ്ങളുടെ എല്ലാ ബാച്ചുകളും എത്രയും വേഗം തിരിച്ചുവിളിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ  ഉണ്ടാകും.  ഇതിനായുള്ള നടപടികൾ ഉടൻ സ്വീകരിക്കാൻ വാഹന നിർമ്മാണ കമ്പനികളോട് കേന്ദ്രസർക്കാർ  ആവശ്യപ്പെട്ടു.
  
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത ഇത്തരം സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനും പരിഹാരനടപടികൾ സംബന്ധിച്ച് ശുപാർശകൾ നൽകാനും വിദഗ്ധ സമിതിക്ക് രൂപം നൽകിയതായും   നിതിൻ  ഗഡ്ക്കരി വ്യക്തമാക്കി. ഗുണനിലവാരത്തിലും സുരക്ഷയിലും  വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ  വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് നടപടിയുണ്ടാകും.  ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഗുണനിലവാരത്തിന്റെ  കേന്ദ്രീകൃത മാർഗനിർദേശങ്ങൾ  ഉടൻ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇലക്ട്രിക് വാഹന നിർമ്മാണ പ്രക്രിയകളിൽ ഏതെങ്കിലും കമ്പനി അശ്രദ്ധ കാണിക്കുന്നതായി കണ്ടെത്തുകയാണെങ്കിൽ, കമ്പനിക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും തകരാറുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിളിക്കാൻ ഉത്തരവിടുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.