ന്യൂഡല്‍ഹി:ബലൂചിസ്താനില്‍ പാക് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പിന്തുണക്കുന്നതായി അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി. വിഷയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്. ഇന്ത്യക്കും അഫ്ഗാനിസ്താനുമെതിരെ പാക് അധികൃതര്‍ നിരന്തരം പ്രസ്താവനകള്‍ നടത്താറുണ്ട് .എന്നാല്‍  ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ബലൂചിസ്താന്‍ വിഷയം സംസാരിക്കുന്നതെന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ കര്‍സായി പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന ഏതെങ്കിലും ഭാഗത്ത് ഇന്ത്യ ഒരു നിഴല്‍ യുദ്ധം ആസൂത്രണം ചെയ്യുന്നതായി തോന്നുന്നില്ല.പ്രദേശം നിഴല്‍ യുദ്ധത്തിലേക്ക് പോവുന്നത് ശരിയല്ലെന്നും കര്‍സായി പറഞ്ഞു.


പാക് സര്‍ക്കാറിന്‍്റെ പിന്തുണയുള്ള തീവ്രവാദ സംഘടനകള്‍ മൂലം ബലൂചിസ്താനിലെ ജനത മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിച്ച് വരികയാണ്. ഇത് പുറം ലോകത്തെ അറിയിക്കാനും പ്രശ്നപരിഹാരം നേടാനും ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിന് മോദിയുടെ പ്രസംഗം ഒരു കാരണമായെന്നും കര്‍സായി പറഞ്ഞു.ഇന്ത്യയുടെ എഴുപതാം സ്വാതന്ത്രദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്താന്‍ വിഷയം പരാമര്‍ശിച്ചത്.