ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസിന് വികസനം എന്നത് വെറും തമാശയാണെന്നും എന്നാല്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അത് പ്രത്യയശാസ്ത്രമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

'സീ ന്യൂസ്' സംഘടിപ്പിച്ച 'ഗെയിം ഓഫ് ഗുജറാത്ത് കോണ്‍ക്ലേവി'ല്‍ സീ ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫ് സുധീര്‍ ചൗധരിയുമായി നടത്തിയ മുഖാമുഖത്തിലാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്. 


കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വികസനത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമുള്ള നിലപാടുകളെ വിമര്‍ശിച്ച അമിത് ഷാ അമേത്തിയില്‍ നിന്ന് യുവാക്കള്‍ തൊഴില്‍ തേടി ഗുജറാത്തിലേക്കാണ് വരുന്നതെന്ന് ചൂണ്ടിക്കാട്ടി. അഹമ്മദാബാദില്‍ വന്ന് വികസനത്തെ കുറിച്ച് സംസാരിച്ച രാഹുലിന്‍റെ പ്രസംഗവേദി കോണ്‍ഗ്രസ് ഭരണകാലത്ത് വെറും ഓടയായിരുന്നുവെന്ന് അമിത് ഷാ ആഞ്ഞടിച്ചു. 


വിജയതരംഗം ആവര്‍ത്തിച്ചാല്‍ ഗുജറാത്തില്‍ 160 സീറ്റ് വരെ ബി.ജെ.പി നേടുമെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നിരവധി തെരഞ്ഞെടുപ്പുകള്‍ രാജ്യത്ത് നടന്നു. ഇവയിലെല്ലാം വിജയിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. ഇത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഗുജറാത്തില്‍ 160 സീറ്റുകളിലധികം ബി.ജെ.പി നേടുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 


ജി.എസ്.ടി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് എല്ലാ പരിഷ്കാരങ്ങളും പ്രാരംഭഘട്ടത്തില്‍ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നും ജി.എസ്.ടി മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. 


കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന പട്ടേല്‍ സമുദായത്തെ കുറിച്ചും അമിത് ഷാ നിലപാട് വ്യക്തമാക്കി. കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുന്ന കാലഘട്ടത്തിലാണ് പട്ടേല്‍ സമുദായത്തിന് ഏറ്റവും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പട്ടേല്‍ സമുദായം ഭൂതകാലത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അമിത് ഷാ പറഞ്ഞു.