Fact Check: പെട്രോളടിച്ചാല്‍ 6,000 രൂപയുടെ ഇന്ധന സബ്‌സിഡി സമ്മാനം! കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോകും... പക്ഷേ, വ്യാജനാണ്
Fact Check: കഴിഞ്ഞ വർഷം വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന പേരിലായിരുന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പേരിലുള്ള വ്യാജ വാർത്ത.
വ്യാജവാര്‍ത്തകള്‍ ലോകമുണ്ടായ കാലം മുതല്‍ ഉള്ളതായിരിക്കും. എന്നാല്‍ അത് കാട്ടുതീ പോലെ പടരുന്ന ഒരു സാഹചര്യം ഈ ഇന്റര്‍നെറ്റ് യുഗത്തിലാണ് സംഭവിക്കുന്നത്. സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും നുണ മൂന്ന് പ്രാവശ്യം ലോകം ചുറ്റിയിട്ടുണ്ടാകും എന്ന വാചകം ഇക്കാര്യത്തില്‍ അന്വര്‍ത്ഥമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വ്യാജവാര്‍ത്തയാണ് ഇപ്പോള്‍ പൊളിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങിയാല്‍ 6,000 രൂപ വരെയുള്ള ഇന്ധന സബ്‌സിഡി സമ്മാനം ലഭിക്കും എന്ന വ്യാജ വാര്‍ത്തയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ചൂടപ്പം പോലെ ഇത് ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് പൂര്‍ണമായും ഒരു വ്യാജ വാര്‍ത്തയാണെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) സ്ഥിരീകരിച്ചിരിക്കുന്നത്. പിഐബിയുടെ ഫാക്ട് ചെക്ക് ട്വിറ്റര്‍ ഐഡിയിലൂടെ ആണ് വിവരം പുറത്ത് വിട്ടത്.
എന്തായാലും പെട്രോള്‍ അടിക്കുന്നവര്‍ക്കെല്ലാം സമ്മാനം എന്ന രീതിയില്‍ ആയിരുന്നില്ല ഈ വ്യാജ പ്രചാരണം എന്ന് ആശ്വസിക്കാം. പെട്രോള്‍ അടിക്കുന്നവരില്‍ നിന്ന് ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം ലഭിക്കും എന്നായിരുന്നു. ഇതിനായി ഒപ്പമുള്ള ഫോമിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയും വേണം എന്നായിരുന്നു പറഞ്ഞിരുന്നത്. വാര്‍ത്ത സത്യമോ വ്യാജമോ എന്ന് അന്വേഷിക്കാതെ പലരും സമ്മാനത്തിന് വേണ്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ വരുന്നത് ആദ്യമായിട്ടല്ല. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ ഒന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ അതില്‍ സാമ്പത്തിക ലാഭത്തെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല എന്ന് മാത്രം. തണുപ്പുകാലം ആയാല്‍, ഇന്ധന ടാങ്കില്‍ പരമാവധി പെട്രോള്‍ നിറച്ചിടരുത് എന്നായിരുന്നു വ്യാജന്‍മാരുടെ ഉപദേശം. അങ്ങനെ ചെയ്താല്‍ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചേക്കുമെന്ന ഭീഷണിയും. ടാങ്കില്‍ എപ്പോഴും വായുസഞ്ചാരത്തിന് കുറച്ച് സ്ഥലം ഒഴിച്ചിടണം എന്ന ഉപദേശവും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് വ്യാജ സന്ദേശമാണെന്ന് തെളിയിക്കപ്പെട്ടതാണെങ്കിലും ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങളെ ചേര്‍ത്തുവച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള പല തട്ടിപ്പുകളും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തന്നെ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ പേരിലും പവര്‍ഗ്രിഡിന്റെ പേരിലും തപാല്‍ വകുപ്പിന്റെ പേരിലും സ്റ്റീല്‍ അതോറിറ്റിയുടെ പേരിലും എല്ലാം ഒരുപാട് വ്യാജ സമ്മാന സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റ് ഫാക്ട് ചെക്കേഴ്‌സും എല്ലാം ഉടന്‍ തന്നെ കണ്ടെത്താറുണ്ട്. പക്ഷേ, ആ തെറ്റായ വിവരം എത്തിയതിന്റെ നാലിലൊന്ന് പേരിലേക്ക് പോലും ശരിയായ വിവരങ്ങള്‍ എത്താറില്ല എന്നതാണ് വാസ്തവം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...