Supreme Court: കർഷക പ്രതിഷേധത്തിൽ റോഡ് ഉപരോധിക്കുന്നതിനെതിരെ വീണ്ടും വിമർശനവുമായി സുപ്രീംകോടതി
റോഡ് ഉപരോധം അനിശ്ചിതമായി നീളുന്നതിന് പരിഹാരം കാണേണ്ടതുണ്ടെന്നും ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി
ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ (Delhi border) സമരം ചെയ്യുന്ന കർഷകർ റോഡ് ഉപരോധിക്കുന്നതിനെതിരെ സുപ്രീംകോടതി (Supreme Court). കർഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തിന് എതിരല്ലെന്നും എന്നാൽ റോഡ് ഉപരോധം അനിശ്ചിതമായി നീളുന്നതിന് പരിഹാരം കാണേണ്ടതുണ്ടെന്നും ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
"കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്. പക്ഷേ അനിശ്ചിതകാലത്തേക്ക് റോഡ് ഉപരോധിക്കാൻ കഴിയില്ല. റോഡുകളിൽ ഗതാഗതം തടയപ്പെടരുത്. ആളുകൾക്ക് സഞ്ചരിക്കാനുള്ള അവകാശമുണ്ട്. അത് തടയാൻ കഴിയില്ല, ”സുപ്രീം കോടതിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ കർഷക സംഘടനകളോട് മൂന്നാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഡിസംബർ ഏഴിന് ഹർജിയിൽ കൂടുതൽ വാദം കേൾക്കും.
മോണിക്ക അഗർവാളാണ് പൊതുതാൽപര്യ ഹർജി നൽകിയത്. കർഷകരുടെ പ്രതിഷേധത്തിന്റെ ഭാഗമായുള്ള റോഡ് ഉപരോധം മൂലം ദിവസേനയുള്ള യാത്രയിൽ കാലതാമസം നേരിടുന്നുവെന്ന് പരാതിക്കാരി ഹർജിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരേ നിരവധി കർഷകരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധിക്കുന്നത്. കാർഷിക നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ കേന്ദ്രം റദ്ദാക്കാൻ തയ്യാറാകാത്തതിനാൽ സർക്കാരും കർഷക സംഘടനകളും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...