CAA കലാപ൦: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് സമൻസ്!!
കലാപങ്ങൾക്കായി പണം കൈമാറിയതുമായി ബന്ധപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ്.
ഡൽഹി: കലാപങ്ങൾക്കായി പണം കൈമാറിയതുമായി ബന്ധപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ്.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഏഴ് ഭാരവാഹികള്‍ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരെയെന്ന പേരിൽ രാജ്യത്തിന്റെ പലയിടങ്ങളിലും ആക്രമണങ്ങൾ നടത്താൻ പോപ്പുലര്‍ ഫ്രണ്ട് സാമ്പത്തിക പിന്തുണ നല്‍കിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്റിന്റെ നടപടിയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 9 ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള സാമ്പത്തിക ഇടപാടുകളും എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ടെന്നും ഏജൻസി പറയുന്നു.
രാജ്യത്തുടനീളം സംഘർഷങ്ങൾ നടത്താനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ 120 കോടി രൂപ 73 സ്ഥാപനങ്ങളിലായി നിക്ഷേപം നടത്തിയെന്ന് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.
ഉത്തർപ്രദേശിലെ സിഎബി വിരുദ്ധ കലാപവും, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന വിവരങ്ങളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.
സമാനതകളില്ലാത്ത അക്രമങ്ങൾ നടന്ന പ്രദേശങ്ങളിലേക്ക് പണം കൈമാറ്റം നടന്നതും, തുടർന്നാണ് അവിടെ കലാപങ്ങൾ നടന്നതെന്നതും സ്ഥിരീകരിച്ചു.
ഡിസംബറിൽ പാർലമെന്റ് സിഎഎ അംഗീകരിച്ചതിന് ശേഷം പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബിജ്‌നോർ, ഹാപൂർ, ബഹ്‌റൈച്ച്, ഷംലി തുടങ്ങിയ പ്രദേശങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായും എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.