സോണിയ ഗാന്ധിയ്ക്കെതിരെ FIR....!!
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്തു.
ബാംഗളൂരു: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്തു.
കര്‍ണാടകയിലെ ശിവമോഗയിലുള്ള അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 153 പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
PM CARES ഫണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചെയ്ത ട്വിറ്റാണ് കേസിനുള്ള മുഖ്യ കാരണം. അഭിഭാഷകനായ പ്രവീണ്‍ കെവിയാണ് സോണിയ ഗാന്ധിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ പരാതി നല്‍കിയത്. മെയ് 11ന് കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ PM CARES ഫണ്ടിനെതിരെ ട്വിറ്റ് വന്നുവെന്നാണ് പരാതി. കൂടാതെ, അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്നും പരാതിയില്‍ പറയുന്നു. കലാപത്തിന് കാരണമായേക്കാവുന്ന വിധം പ്രവര്‍ത്തിക്കുക, പ്രധാനമന്ത്രിക്കെതിരെ കിവംദത്തി പരത്തുക, സര്‍ക്കാരിനെതിരെ ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുക, തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചിരിയ്ക്കുന്നത്.
കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് PM CARES ഫണ്ടിനെതിരെ വന്ന ട്വിറ്റിന് ഉത്തരവാദി പാര്‍ട്ടിയുടെ അദ്ധ്യക്ഷയാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153, 505 വകുപ്പുകള്‍ പ്രകാരമാണ് സോണിയ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുള്ള പണം സ്വരൂപിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഈ പ്രത്യേക ഫണ്ട്. ഇതില്‍ അഴിമതിക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. PM CARES ഫണ്ട് ഓഡിറ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ എന്തിനാണ് പുതിയ ഫണ്ട് എന്നും കോണ്‍ഗ്രസ് ചോദിച്ചിരുന്നു.
പ്രധാനമന്ത്രി പുതിയ ഫണ്ട് രൂപീകരിച്ചത് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട സഹായം കുറയ്ക്കുമെന്ന് പല മുഖ്യമന്ത്രിമാരും അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, PM CARES ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായി മാര്‍ച്ച് 28ന് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചതാണ് PM CARES ഫണ്ട്. കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയായിരുന്നു രൂപീകരണം. ട്രസ്റ്റിന് കീഴിലാണ് ഫണ്ടിന്‍റെ പ്രവര്‍ത്തനം. കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരാണ് ട്രസ്റ്റിലെ അംഗങ്ങള്‍. വ്യക്തികളുടെയും സംഘടനകളുടെയും സംഭാവന അടിസ്ഥാനമാക്കിയാണ് ഫണ്ട് പ്രവര്‍ത്തിക്കുക. ട്രസ്റ്റിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കണക്കുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് സാധിക്കൂവെന്ന് സിഎജി ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.
ഉത്തര്‍ പ്രദേശില്‍ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവം വിവാദമായിരിക്കെയാണ് കര്‍ണാടകത്തില്‍ സോണിയ ഗാന്ധിക്കെതിരെ FIR രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.