Rahul Gandhi: 53-ാം വയസിലും ശരീരം ഫിറ്റ്; രാഹുൽ ഗാന്ധിയുടെ ആരോഗ്യരഹസ്യം ഇതാണ്
Rahul Gandhi diet: മധുരം കഴിവതും ഒഴിവാക്കാറുണ്ടെങ്കിലും രാഹുലിന് ഐസ്ക്രീം വലിയ ഇഷ്ടമാണ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 53-ാം വയസിലും ശരീരം വളരെ ഫിറ്റായി സൂക്ഷിക്കുന്നയാളാണ്. പല സാഹചര്യങ്ങളിലും അദ്ദേഹം കായികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ശരീരം ആരോഗ്യകരമായി നിലനിർത്താൻ രാഹുൽ കൃത്യമായ ഡയറ്റ് പിന്തുടരുന്നുണ്ട്.
അടുത്തിടെ ‘ഭാരത് ജോഡോ യാത്ര’ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോയിരുന്നു. യാത്ര രാജസ്ഥാനിലെത്തിയപ്പോൾ ഒരു യൂട്യൂബ് ചാനലിന് രാഹുൽ അഭിമുഖം നൽകി. എന്തൊക്കെ ഭക്ഷണമാണ് ഇഷ്ടം, എന്തെല്ലാമാണ് ഇഷ്ടമല്ലാത്തത്, എങ്ങനെയാണ് ശരീരം ഇത്രയും ഫിറ്റായി സൂക്ഷിക്കുന്നത്, വിവാഹം തുടങ്ങി നിരവധി കാര്യങ്ങളാണ് രാഹുൽ അന്ന് തുറന്നു പറഞ്ഞത്.
ALSO READ: ഫാറ്റി ലിവർ ഉണ്ടാവുന്നതിന്‍റെ കാരണങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍ അറിയാം
ഉച്ചഭക്ഷണത്തിനായി വീട്ടിൽ ലളിതമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുകയെന്നും രാത്രിയിൽ ലളിതമായ ഭക്ഷണമാണ് ഉണ്ടാക്കുകയെന്നും രാഹുൽ പറഞ്ഞു. എന്നാൽ താൻ വളരെ നിയന്ത്രണത്തിലാണ് ആഹാരം കഴിക്കുക. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ, തെലങ്കാനയിൽ എത്തിയപ്പോൾ എരിവുള്ള ഭക്ഷണം കഴിക്കുന്നതിൽ ചെറിയ പ്രശ്നമുണ്ടായിരുന്നു. കാരണം വളരെ എരിവുള്ള ഭക്ഷണമാണ് അവിടെ കഴിക്കുന്നത്. താൻ വീട്ടിലായിരിക്കുമ്പോൾ ഭക്ഷണക്രമത്തിൽ കർക്കശക്കാരനാണ്. എല്ലായ്പ്പോഴും ആരോഗ്യകരമായ ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. പലപ്പോഴും മധുരം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. പക്ഷേ, ഐസ്ക്രീം കഴിക്കുന്നത് വളരെ ഇഷ്ടമാണ്. ഒറ്റയടിക്ക് രണ്ട് ഐസ്ക്രീം വരെ കഴിക്കാറുണ്ടെന്നും ചക്കയും കടലയും കഴിക്കാൻ ഇഷ്ടമല്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ചിക്കൻ, സീ ഫുഡ്, മട്ടൺ എന്നീ നോൺ വെജ് കഴിക്കാനാണ് എനിക്കിഷ്ടമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഓൾഡ് ഡൽഹിയിലെ പാനി പൂരി, മോത്തി മഹലിന്റെ ബട്ടർ ചിക്കൻ എന്നിവയും ഇഷ്ടമാണ്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. റൊട്ടിയും ചോറും കഴിക്കില്ല. എന്നാൽ, റൊട്ടിയോ ചോറോ കഴിക്കേണ്ടി വന്നാൽ റൊട്ടി കഴിക്കും. രാവിലെ കാപ്പിയും വൈകുന്നേരം ചായയും കുടിക്കാനാണ് ഇഷ്ടം. ചിക്കൻ ടിക്ക, സീഖ് കബാബ്, ഓംലെറ്റ് എന്നിവയും കഴിക്കാൻ ഇഷ്ടമാണെന്നും രാഹുൽ പറഞ്ഞു.
സ്കൂബാ ഡൈവിംഗ് തനിക്ക് വളരെ ഇഷ്ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്കൂബ ഡൈവിങ്ങിന് പരിശീലിക്കുകയാണെങ്കിൽ അണ്ടർ വാട്ടർ ബ്രീത്തിംഗ് ഉപകരണം (സ്കൂബ) ഇല്ലാതെ പോലും തനിക്ക് ദീർഘനേരം ശ്വാസം പിടിക്കാൻ കഴിയും. ഇതുകൂടാതെ, ആധുനിക ജാപ്പനീസ് ആയോധനകലയായ ഐക്കിഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ടെന്നും രാഹുൽ വെളിപ്പെടുത്തി. കോളേജ് കാലം മുതൽ ആയോധന കലകൾ ഉൾപ്പെടെ താൻ അഭ്യസിച്ചിരുന്നുവെന്നും ആളുകൾ ശരിയായ രീതിയിൽ ആയോധന കലകൾ പഠിക്കണമെന്നും രാഹുൽ പറഞ്ഞു. ഇവ അഭ്യസിക്കുന്നത് ആരെയും ദ്രോഹിക്കാൻ വേണ്ടിയല്ല എന്നതിനാൽ അത് വളരെയധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ അഭിമുഖത്തിൽ തന്റെ ജീവിത പങ്കാളിയ്ക്ക് വേണ്ട ഗുണങ്ങളെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം രാഹുൽ മനസ് തുറന്നിരുന്നു. ജീവിതസഖിയാകേണ്ട പെൺകുട്ടിയിൽ രണ്ട് ഗുണങ്ങളാണ് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നത്. രാഹുൽ ഗാന്ധി കല്യാണം ആലോചിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അതിന് താൻ വിവാഹത്തിന് എതിരല്ലെന്നായിരുന്നു രാഹുലിൻ്റെ മറുപടി. തന്റെ മാതാപിതാക്കളുടെ വിവാഹ ജീവിതം വളരെ മികച്ചതായിരുന്നു. അവർ പരസ്പരം ഒരുപാട് സ്നേഹിച്ചിരുന്നു. അതിനാൽ തനിക്കും അങ്ങനെയൊരു പെൺകുട്ടിയെയാണ് വേണ്ടത്. അങ്ങനെയൊരു പെൺകുട്ടിയെ കിട്ടുമ്പോൾ താൻ കല്യാണം കഴിക്കുമെന്നും രാഹുൽ പറഞ്ഞു. ഇഷ്ടപ്പെട്ട പെൺകുട്ടിയ്ക്ക് വേണ്ട ഗുണങ്ങളെ കുറിച്ച് രാഹുൽ ഗാന്ധിയോട് ചോദിച്ചപ്പോൾ പെൺകുട്ടി സ്നേഹമുള്ളവളും ബുദ്ധിമതിയും ആയിരിക്കണം എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...