Fodder scam: കാലിത്തീറ്റ കുംഭകോണം; ലാലുവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും ശിക്ഷ
റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്
റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിന്റെ അവസാനവും അഞ്ചാമത്തെയും കേസിൽ ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ബിഹാർ മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവുമായ ലാലു പ്രസാദ് യാദവ് കേസിൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു.
950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളിലും ലാലു പ്രസാദ് യാദവ് ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആദ്യത്തെ നാല് കേസുകളിലും തടവ് ശിക്ഷ വിധിക്കപ്പെട്ട ലാലു പ്രസാദിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. മൂന്നര വർഷത്തിലേറെ ജയിൽവാസം അനുഭവിച്ച ശേഷമാണ് ലാലു പ്രസാദിന് ജാമ്യം ലഭിച്ചത്.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 53 കേസുകളാണ് സിബിഐ 1996ൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ അഞ്ച് കേസുകളിലാണ് ലാലു പ്രസാദ് യാദവ് പ്രതി ചേർക്കപ്പെട്ടിരുന്നത്. ഇതിൽ അഞ്ചാമത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ലാലു പ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കേയാണ് മൃഗക്ഷേമ വകുപ്പിൽ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...