Maharashtra സമ്പൂർണ്ണ ലോക്ഡൗണിലേക്ക്; ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ
മഹാരാഷ്ട്രയിൽ മാത്രമല്ല രാജ്യത്ത് പലയിടങ്ങളിലും കൊറോണ മഹാമാരി വളരെ രൂക്ഷമായ നിലയിൽ വ്യാപിക്കുകയാണ്.
മുംബൈ: സംസ്ഥാനത്ത് കൊറോണ വ്യാപനം വളരെയധികം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള നീക്കത്തിലേക്ക്. അതിന്റെ അടിസ്ഥാനത്തിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും.
ഇന്ന് രാത്രി 8 മണി മുതൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നിലവിൽ വരും. മെയ് 1 രാവിലെ 7 മണിവരെയാകും ലോക്ഡൗൺ. ഇതിനായുള്ള പ്രത്യേക മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. അവശ്യസേവനങ്ങളും മെഡിക്കൽ ആവശ്യങ്ങൾക്കും വാക്‌സിനേഷനുമല്ലാതെ പൊതു ഗതാഗതം അനുവദിക്കില്ല. മാത്രമല്ല സ്വകാര്യ ഗതാഗതത്തിനും നിയന്ത്രണം ബാധകമാണ്.
പൊതു ഗതാഗതം സർക്കാർ ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമേ ഉപയോഗിക്കാനാകൂ. കൂടാതെ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ഹാജർനില 15 ശതമാനം മാത്രമേ പാടുളളൂ. അതുപോലെ വിവാഹചടങ്ങുകൾക്ക് 25 പേർക്ക് മാത്രം കൂടാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്.
സംസ്ഥാനത്ത് (Maharashtra) ഇന്നലെ മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത് 67468 പേർക്കാണ്. ഇതിൽ 568 പേർ മരണമടഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നുമുതൽ സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങാൻ തീരുമാനമായത്.
കൊറോണ വ്യാപനത്തിന്റെ തുടക്കം മുതലേ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉണ്ടായിരുന്നത്. അതിപ്പോൾ രണ്ടാം വരവിലും രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര തന്നെയാണ് മുൻപിലുള്ളത്.
മഹാരാഷ്ട്രയിൽ മാത്രമല്ല രാജ്യത്ത് പലയിടങ്ങളിലും കൊറോണ മഹാമാരി വളരെ രൂക്ഷമായ നിലയിൽ വ്യാപിക്കുകയാണ്. ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 22, 411 കേസുകളാണ്. 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5000 ആയി.
105 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5431 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,237 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,05,836 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 14,401 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2580 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാത്രമല്ല ഇന്നലെ 18 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 511 ആയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...