Goa International Fim Festival: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള: മികച്ച വെബസീരീസിനും ഇത്തവണ പുരസ്കാരം
Award for Best Webseries in Goa International Film Festival: പുതിയ സൃഷ്ടികൾ ഉണ്ടാക്കുക, ഇന്ത്യൻ ഭാഷകളിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
പനാജി: ഈ വർഷം മുതൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച വെബ്സീരീസിനും പുരസ്കാരം നൽകുമെന്ന് കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ പ്രഖ്യാപിച്ചു. ഇന്ത്യൻ ഭാഷയിൽ ചിത്രീകരിച്ച ഒറിജിനൽ സീരീസുകൾക്കാണ് പുരസ്കാരം നൽകുക. മന്ത്രി ട്വിറ്ററിലൂടെയാണ് ഐ.എഫ്.എഫ്.ഐയിലെ പുതിയ മത്സരവിഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. രാജ്യത്തെ ഒടിടി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചലച്ചിത്രമേളയിൽ വെബ്സീരീസുകൾക്കുള്ള പുരസ്കാരവും നൽകുന്നത്. പുതിയ സൃഷ്ടികൾ ഉണ്ടാക്കുക, ഇന്ത്യൻ ഭാഷകളിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുക, ഒടിടി വ്യവസായത്തിന്റെ വളർച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുക, അസാധാരണമായ കഴിവുകളെ തിരിച്ചറിയുക എന്നിവയാണ് ഈ പുരസ്കാരം നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വെബ്സീരീസുകൾക്കുള്ള പുരസ്കാരവും ഉൾപ്പെടുത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അസാമാന്യമായ കഴിവുകളുള്ള പ്രതിഭകളാൽ സമ്പന്നമാണ് ഇന്ത്യ. ലോകത്തെ നയിക്കാൻ തയ്യാറുള്ള, ഒരു കോടി സ്വപ്നങ്ങളുള്ള, ഉയർച്ചയും അഭിലാഷവുമുള്ള ഒരു പുതിയ ഇന്ത്യയുടെ കഥ പറയാൻ ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഇന്ത്യൻ ഭാഷയിൽ ചിത്രീകരിച്ച, ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ സംപ്രേക്ഷണം ചെയ്യുന്ന യഥാർത്ഥ വെബ് സീരീസിനാണ് പുരസ്കാരം നൽകുന്നത്. ഇനി അങ്ങോട്ടുള്ള എല്ലാ വർഷവും വെബ് സീരീസിന് പുരസ്കാരം നൽകുമെന്നും അനുരാഗ് താക്കൂർ വ്യക്തമാക്കി. 54-ാമത് ഐഎഫ്എഫ്ഐ നടക്കുന്നത് 2023 നവംബർ 20 മുതൽ നവംബർ 28 വരെയാണ്. ഇതിനിടെ പ്രമുഖ ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി ബുധനാഴ്ച മന്ത്രി സംവദിച്ചു. യോഗത്തിൽ പ്രത്യേക കഴിവുള്ളവർക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കൽ, ഉള്ളടക്ക നിയന്ത്രണം, ഉപയോക്തൃ അനുഭവം, ഓ.ടി.ടി മേഖലയുടെ മൊത്തത്തിലുള്ള വളർച്ചയും നവീകരണവും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളാണ് ചർച്ച ചെയ്തത്.
ALSO READ: യമുന ജലനിരപ്പ് വീണ്ടും അപകടനില കടന്നു, വെള്ളക്കെട്ടില്‍ നിരവധി റോഡുകള്‍
ഓ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വിപ്ലവം സൃഷ്ടിച്ചു. പുതിയ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ആഗോള തലത്തിൽ പ്രാദേശിക ഉള്ളടക്കം പ്രദർശിപ്പിക്കുകയും ചെയ്തു. സ്വന്തം പ്ലാറ്റ്ഫോം അശ്ലീലത നിറഞ്ഞ ഉള്ളടക്കം സർഗാത്മക പ്രകടനമായി മറച്ചുവെച്ച് പ്രചരിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അതാത് കമ്പനികൾക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വൈവിധ്യമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ കൂട്ടായ മനസ്സാക്ഷിയെ ഓ.ടി.ടി പ്ലാറ്റ്ഫോമുകൾ പ്രതിഫലിപ്പിക്കുകയും എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ആരോഗ്യകരമായ കാഴ്ചാനുഭവം നൽകുകയും വേണം. ഇന്ത്യയുടെ സർഗ്ഗാത്മകമായ സംവിധാനത്തെ ലോകത്തിനുമുന്നിൽ നാം തുറന്നുപ്രകടിപ്പിക്കുമ്പോൾ നമ്മുടെ സാംസ്കാരിക വൈവിധ്യങ്ങളോടും പ്ലാറ്റ്ഫോമുകൾ സംവേദനക്ഷമമായിരിക്കണം. ഈ ലക്ഷ്യം നേടുന്നതിനായി കൂടുതൽ പങ്കാളിത്തങ്ങളും ഇടപെടലുകളും ഐ ആൻഡ് ബി മന്ത്രാലയം പ്രതീക്ഷിക്കുന്നുവെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...