അലഹബാദ്: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബിആർഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കുട്ടികൾ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായി ജയിലില്‍ കഴിഞ്ഞ ഡോക്ടർ കഫീൽ അഹമ്മദ് ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നും ജയിലിൽ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും അവര്‍ ആരോപിച്ചിരുന്നു.


'ജാമ്യമില്ലാതെ ജയിലിൽ എട്ട് മാസം, ഞാൻ ശരിക്കും കുറ്റവാളിയാണോ'? എന്ന് ചോദിച്ച് ഡോ. കഫീല്‍ ഖാന്‍ ജയിലില്‍ നിന്നുമെഴുതിയ കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 


സ്വന്തം ചെലവിൽ ഓക്‌സിജൻ സിലിണ്ടറുകൾ ആശുപത്രിയിലെത്തിച്ച് നിരവധി കുട്ടികളുടെ ജീവൻ രക്ഷിച്ചയാളാണ് കഫീൽ ഖാൻ. എന്നാൽ ബിആർഡി ആശുപത്രിയിലുണ്ടായ ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഡോക്ടറില്‍ ആരോപിച്ച് യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ അദ്ദേഹത്തെ ജയിലിൽ അടക്കുകയായിരുന്നു.