ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന സവാള വിലയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

വര്‍ദ്ധിക്കുന്ന സവാള വില പിടിച്ചുനിര്‍ത്താന്‍ സവാളയുടെ വിദേശ കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍.


കഴിഞ്ഞ വര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനേക്കാള്‍ താരതമ്യേന ഇരട്ടി വിലയാണ് ഉള്ളിക്ക് വിപണിയില്‍ ഉള്ളത്. ഡല്‍ഹിയില്‍ പച്ചക്കറി വിപണിയിലെ മുഖ്യ ഘടകമായ സവാളയ്ക്ക് 80 രൂപവരെയാണ് ഒരു കിലോയ്ക്ക് കച്ചവടക്കാര്‍ ഈടാക്കുന്നത്. 


ഓഗസ്റ്റില്‍ കിലോയ്ക്ക് 28 രൂപയായിരുന്നു വില. സെപ്റ്റംബര്‍ 20-നുശേഷമാണ് വില 60 രൂപയ്ക്ക് മുകളിലെത്തിയത്.


എന്നാല്‍, സവാളവില മാത്രമല്ല, തക്കാളിയുടെയും വില വര്‍ദ്ധിക്കുകയാണ്. 40 മുതല്‍ 60 വരെയാണ് ദല്‍ഹിയില്‍ തക്കാളിയുടെ വില. വരും ദിവസങ്ങളില്‍ ഇത് ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഉത്സവകാലത്ത് അവശ്യസാധനങ്ങളുടെ വില വിര്‍ദ്ധിച്ചതിനൊപ്പം പച്ചക്കറികളുടെയും വിലയുയര്‍ന്നതോടെ സാധാരണക്കാരന്‍റെ ബജറ്റിനെ താറുമാറാക്കിയിരിക്കുകയാണ്. 


നേരത്തെ സവാളവില കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ഒരു കിലോഗ്രാമിന് 23.90 രൂപ നിരക്കില്‍ സവാള വില്‍ക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 


അതേസമയം, സവാള വില വര്‍ദ്ധനവില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ ഇടപെടുകയും പച്ചക്കറി പൂഴ്ത്തിവയ്പ്പുകാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.  


'കേന്ദ്ര ഭക്ഷ്യമന്ത്രി എന്ന നിലയില്‍ കർഷകരെയും ഉപഭോക്താക്കളെയും ഒരേപോലെ പരിഗണിക്കണം. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങള്‍ ബുദ്ധിമുട്ടുള്ള മാസങ്ങളാണ്. ഈ മൂന്ന് മാസങ്ങളിൽ, എല്ലാ വർഷവും പച്ചക്കറികളുടെ വില വർദ്ധിക്കുന്നതായി കാണുന്നു. കൂടാതെ, പല സംസ്ഥാനങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കവും ഉള്ളി വില ഉയരാൻ കാരണമായി', അദ്ദേഹം പറഞ്ഞിരുന്നു. 


കനത്ത മഴയടക്കമുള്ള വിവിധ കാരണങ്ങള്‍കൊണ്ടാണ് മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പച്ചക്കറി ഇനങ്ങളുടെ വില കുത്തനെ കൂടിയത്. 


ഇന്ത്യയില്‍ ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയാണ് മുന്‍പന്തിയില്‍. നിയമസഭ തിരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.