ന്യൂഡല്‍ഹി:  സ്വകാര്യവത്കരണത്തിനായി മാറ്റിവച്ചിരിയ്ക്കുന്ന സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവായ  എയർ ഇന്ത്യയെ  സ്വന്തമാക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇനിയും  അവസര൦ ....  


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യവത്കരണത്തിന് മുന്നോടിയായുള്ള,​ താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അന്തിമതീയതി കേന്ദ്രസര്‍ക്കാര്‍ രണ്ടുമാസത്തേക്ക് കൂടി നീട്ടിയിരിയ്ക്കുകയാണ്.  ഒട്ടേറെ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥന മാനിച്ചാണ് തീയതി നീട്ടിയതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പബ്ളിക് അസറ്ര് മനേജ്‌മെന്റ്  വ്യക്തമാക്കി....!! 


ആഗസ്‌റ്റ് 31 ആണ് പുതിയ തീയതി. ഇതു മൂന്നാംവട്ടമാണ് കാലാവധി നീട്ടുന്നത്.  ഇതോടെ താല്‍‌പ്പര്യ പത്രം (ഇ‌ഒ‌ഐ) സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി, യോഗ്യത നേടിയ ലേലക്കാരെ അറിയിക്കുക എന്നിവ യഥാക്രമം ജൂണ്‍ 30 ല്‍ നിന്ന് ഓഗസ്റ്റ് 31 ലേക്കും ജൂലൈ 14 ല്‍ നിന്ന് സെപ്റ്റംബര്‍ 14 ലേക്കും നീട്ടി. 


കഴിഞ്ഞ ജനുവരി 27നാണ് എയര്‍ ഇന്ത്യയെ വിറ്റഴിക്കാനുള്ള  നടപടികള്‍ക്ക് കേന്ദ്രം തുടക്കമിട്ടത്. മാര്‍ച്ച്‌ 17 ആണ് അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്നത് ഏപ്രില്‍ 30ലേക്കും പിന്നീട് ജൂണ്‍ 30ലേക്കും  നീട്ടുകയായിരുന്നു. കോ വിഡും ലോക്ക്ഡൗണും വ്യോമയാന മേഖലയില്‍ സൃഷ്‌ടിച്ച സാമ്പത്തിക  പ്രതിസന്ധിയുടെ  പശ്ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത് എന്നും സൂചനയുണ്ട്.


കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 31 പ്രകാരമുള്ള കണക്കനുസരിച്ച്‌ 60,​074 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടബാദ്ധ്യത. സര്‍ക്കാരിന്‍റെ  സാമ്പത്തിക  സഹായത്താലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. എയര്‍ ഇന്ത്യ കൂടുതല്‍ ബാധ്യതയാകുന്നത് ഒഴിവാക്കാനാണ് 100% ഓഹരികളും സര്‍ക്കാര്‍ വിറ്റൊഴിയുന്നത്.


എയര്‍ ഇന്ത്യയുടെ കടഭാരത്തില്‍ 23,​286.5 കോടി രൂപ,​ ഓഹരികള്‍ സ്വന്തമാക്കുന്ന നിക്ഷേപകര്‍ വഹിക്കേണ്ടി വരും. ബാക്കി ബാദ്ധ്യത സര്‍ക്കാര്‍ സജ്ജമാക്കിയ എയര്‍ ഇന്ത്യ അസറ്ര് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് എന്ന എസ്.പി.വിക്ക് കൈമാറും.