ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് വാര്‍ത്താമാധ്യമത്തിന്‍റെ വെളിപ്പെടുത്തല്‍ മോദിയുടെ കള്ളക്കളി പുറത്തുകൊണ്ടു വന്നെന്ന് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റഫാല്‍ വിഷയത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയില്ലെങ്കില്‍ മോദി പ്രധാനമന്ത്രി പദവി ഒഴിയണം. റിലയന്‍സിനെ നിര്‍ബന്ധമായും തിരഞ്ഞെടുക്കണമെന്ന കരാര്‍ വ്യവസ്ഥ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നതോടെ, മോദി ഇന്ത്യയുടെയല്ല അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയാണെന്നു തെളിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു.


കൂടാതെ, പ്രതിരോധമന്ത്രി നിര്‍മല സിതരാമന്‍റെ ഫ്രഞ്ച് യാത്രയേയും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിയുടെ യാത്രയില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ സത്യങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു. റാഫേല്‍ ഇടപാടില്‍ വ്യവസായി അനില്‍ അംബാനിക്ക് നേട്ടമുണ്ടായെന്ന് തെളിയിക്കുന്ന രേഖകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 


വലിയ അഴിമതിയാണ് റാഫേല്‍ ഇടപാടില്‍ ഉണ്ടായിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം മാത്രമല്ല ഇതില്‍ പങ്കാളി. അതിന് പുറമേ മറ്റ് പലര്‍ക്കും അഴിമതിയില്‍ പങ്കുണ്ട്. അക്കാര്യങ്ങള്‍ പുറത്ത് വരുമെന്ന് രാഹുല്‍ വ്യക്തമാക്കി.


പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരനാണെന്ന് ആവര്‍ത്തിച്ച്‌ പറയുന്നു. വളരെ വ്യക്തമായ കാര്യമാണത്. അഴിമതിക്കെതിരെ അദ്ദേഹം തന്നെ വലിയ പ്രചാരണം നടത്തുമ്പോള്‍ ദുഃഖം തോന്നുന്നു. അദ്ദേഹം ശരിക്കും നിങ്ങളുടെ പ്രധാനമന്ത്രിയല്ല. അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധ്യക്ഷന്‍ പറഞ്ഞു.