ന്യൂഡല്‍ഹി:  മോട്ടോര്‍ വാഹനനിയമത്തിലെ പുതുക്കിയ ഭേദഗതികള്‍ ഇന്നുമുതല്‍ നിലവില്‍വരും. അതായത് സൂക്ഷിച്ചാല്‍ പോക്കറ്റ് കാലിയാവില്ല എന്ന് ചുരുക്കം!! 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതി. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പത്തിരട്ടി വരെയാണ് വര്‍ധനവ്. 


ഹെല്‍മറ്റില്ലാതെ നിരത്തിലിറങ്ങുന്നതുമുതല്‍, രണ്ടില്‍ക്കൂടുതല്‍ ആളുകള്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനും മദ്യപിച്ച് വാഹനമോടിക്കുന്നതിനുമെല്ലാം ഇനി വലിയ വില നല്‍കേണ്ടി വരും. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ ഇനി 1000 രൂപയാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കുന്നതിന് ഇതുവരെ 2000 രൂപവരെയായിരുന്നു പിഴയെങ്കില്‍ ഇനി മുതല്‍ ചുരുങ്ങിയത് 2000 മുതല്‍ 10,000 രൂപയെങ്കിലും നല്‍കേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാല്‍ പിഴ വര്‍ദ്ധിക്കുകയും ചെയ്യും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ 10,000 രൂപ വരെ പിഴയീടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്താല്‍ 1000 രൂപ. ഡ്രൈവി൦ഗ് ലൈസന്‍സ് കൈവശമില്ലെങ്കില്‍ 5,000 രൂപയും വാഹന ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ 2000 രൂപ തുടങ്ങിയവയാണ് പുതുക്കിയ ഭേദഗതിയിലെ പ്രധാനമായതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍. 


പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷാകര്‍ത്താവ് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. അതേസമയം, വാഹനമോടിയച്ചയാള്‍ക്ക് 25 വയസാകാതെ ലൈസന്‍സ് നല്‍കുകയുമില്ല.


പിഴ സംഖ്യ ഉയര്‍ന്നതായതിനാല്‍ കൈയില്‍ പണമില്ലെങ്കില്‍ പി.ഒ.എസ്. മെഷിനുകള്‍ (സ്വൈപ്പി൦ഗ്) വഴിയും പണമടയ്ക്കാം. കൂടാതെ, പിഴയടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമുണ്ടാകും.


അതേസമയം, റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച മുതല്‍ തുടങ്ങും.