ന്യൂഡല്‍ഹി: ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന റാലി പ്രമാണിച്ച് തലസ്ഥാന നഗരം കനത്ത സുരക്ഷയില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജിഗ്നേഷിന്‍റെ യുവ ഹുങ്കാര്‍ റാലിക്ക് ഔദ്യോഗിക അനുമതി നല്‍കിയിട്ടില്ല.  സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് വന്‍ പോലീസ് സേനയെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഉച്ചയ്ക്ക്  12 മണിക്ക് പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ നിന്ന് ആരംഭിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.


ദളിത്-മറാത്ത സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ റാലി നടത്താന്‍ മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് പരിപാടി മാറ്റിയത്. ജിഗ്നേഷ് മേവാനിക്കൊപ്പം ആസാമില്‍ നിന്നുള്ള അഖില്‍ ഗൊഗോയ്, ബിഹാറില്‍ നിന്നും മനോജ് മന്‍സില്‍, ലഖ്നൗവില്‍ നിന്ന് പൂജ ശുക്ല എന്നീ യുവനേതാക്കളും റാലിയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 


ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖറിന്‍റെ മോചനം, ദളിതുകള്‍ക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കുക, യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക, സ്വാഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി നടത്തുന്നത്.