Hijab Controversy: `പോളിംഗ് ബൂത്തിലും വിലക്ക്`, തമിഴ്നാട്ടിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞു
സംഭവത്തിൽ പ്രതിഷേധം ഉണ്ടായതോടെ ബൂത്ത് ഏജന്റിനോട് ബൂത്തിൽ നിന്ന് മാറാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു
ചെന്നൈ: തമിഴ്നാട്ടിൽ പോളിംഗ് ബൂത്തിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ തടഞ്ഞ് ബിജെപി ബൂത്ത് ഏജന്റ്. മധുരയിലാണ് സംഭവം. നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയോട് ഹിജാബ് ധരിച്ച് പോളിംഗ് ബൂത്തിൽ കയറരുത് എന്ന് ബൂത്ത് ഏജന്റ് പറഞ്ഞു. വോട്ട് ചെയ്യുന്ന സമയത്ത് വോട്ടറുടെ മുഖം കാണാൻ കഴിഞ്ഞില്ല, മുഖം മറച്ച് വരുന്നവരെ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇയാൾ ചോദിക്കുന്നത്.
സംഭവത്തിൽ പ്രതിഷേധം ഉണ്ടായതോടെ ബൂത്ത് ഏജന്റിനോട് ബൂത്തിൽ നിന്ന് മാറാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡെക്കാൻ ഹോറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ പ്രകാരം, വോട്ടർ ലിസ്റ്റ് പരിശോധിച്ച ഇയാൾ, ഇത്തരത്തിൽ മുഖം മറച്ച് വരുന്നവരെ എങ്ങനെ തിരിച്ചറിയുമെന്നാണ് ചോദിക്കുന്നത്.
അതേസമയം ബിജെപിയുടെ ഇത്തരം കോമാളിത്തം തമിഴ്‌നാട് സര്‍ക്കാരോ ജനങ്ങളോ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. മനുഷ്യർ മനുഷ്യർക്കെതിരെ മതത്തിന്റെ പേരിൽ തിരിയുന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്, ഒരു സ്ത്രീ എന്ത് ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും ഡിഎംകെ എംപി കനിമൊഴി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...