Himachal Pradesh Election Results 2022: ഹിമാചലില്‍ സിപിഎം `സംപൂജ്യര്‍`... ബിജെപിയേയും പിന്നിലാക്കി തിയോഗില്‍ കോണ്‍ഗ്രസ് തേരോട്ടം
Himachal Pradesh Election Results 2022: 2017 ലെ തിരഞ്ഞെടുപ്പിൽ ആയിരുന്നു തിയോഗിൽ ആദ്യമായി സിപിഎം സ്ഥാനാർത്ഥി വിജയിക്കുന്നത്. ആ വിജയത്തിന് പിന്നിൽ ചില രാഷ്ട്രീയ-വ്യക്തി ബന്ധങ്ങളും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.
തിയോഗ്: ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അതി ശക്തമായ തിരിച്ചുവരവ് ആണ് നടത്തുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍, കേവല ഭൂരിപക്ഷത്തിന് വേണ്ടതിലും അധികം സീറ്റുകളില്‍ അവര്‍ മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി എന്നും വേണമെങ്കില്‍ വിശേഷിപ്പിക്കാം. എന്നാല്‍ ഏറ്റവും വലിയ തിരിച്ചടി നേടിയിരിക്കുന്നത് സിപിഎം ആണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ ഏക സീറ്റ് ഇത്തവണ അവര്‍ക്ക് നിലനിര്‍ത്താന്‍ ആയില്ലെന്ന് മാത്രമല്ല, സിറ്റിങ് എംഎൽഎ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
ഹിമാചല്‍ പ്രദേശിലെ തിയോഗ് മണ്ഡലത്തില്‍ ആയിരുന്നു 2017 ല്‍ സിപിഎം വിജയക്കൊടി പാറിച്ചത്. ബിജെപിയേയും കോണ്‍ഗ്രസിനേയും തറപറ്റിച്ച് സിപിഎമ്മിന്റെ രാകേഷ് സിന്‍ഹ ആയിരുന്നു അന്ന് വിജയിച്ചത്. 42.73 ശതമാനം വോട്ടുകളും 1983 വോട്ടുകളുടെ ഭൂരിപക്ഷവും രാകേഷ് സിന്‍ഹയ്ക്കുണ്ടായിരുന്നു. ഇത്തവണ ഒന്നാം സ്ഥാനത്ത് കോണ്‍ഗ്രസും രണ്ടാം സ്ഥാനത്ത് ബിജെപിയും മൂന്നാം സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയും ആണ്.
Read Also: 'ആപ്പ്' ചതിച്ചാശാനേ... കോണ്‍ഗ്രസിന് പറയാന്‍ വീണ്ടുമൊരു കാരണം! സത്യമില്ലെന്ന് പറയാനാകുമോ
1977 മുതലുള്ള ചരിത്രമെടുത്താല്‍ ഒരേയൊരു തവണ മാത്രമായിരുന്നു സിപിഎം ഈ മണ്ഡലത്തില്‍ വിജയിച്ചത്. കഴിഞ്ഞ തവണ രാജേഷ് സിന്‍ഹയുടെ വിജയത്തിന് വഴിവച്ചത്, കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച സഹായം ആയിരുന്നു എന്നൊരു ആക്ഷേപമുണ്ട്. 2017 ല്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിരുന്നു. മൂന്ന് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാകേഷ് വര്‍മ ആയിരുന്നു കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി. മൂന്ന് തവണ ബിജെപി സ്ഥാനാര്‍ത്ഥിയായും രണ്ട് തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും രാകേഷ് വര്‍മ ഇതേ മണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ട്.
ഇത്തവണ കുല്‍ദീപ് സിങ് റാഥോഡ് ആണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. 29 ശതമാനത്തിലധികം വോട്ടുകളാണ് റാഥോഡ് സ്വന്തമാക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായ അജയ് ശ്യാം 21 ശതമാനത്തിലേറെ വോട്ടുകൾ നേടി. സ്വതന്ത്ര സ്ഥാനാർത്ഥിയായ ഇന്ദു വർമ നേടിയത് 21.22 ശതമാനം വോട്ടുകൾ. സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ രാകേഷ് സിന്‍ഹയ്ക്ക് കിട്ടിയത് 18.68 ശതമാനം വോട്ടുകൾ.
സംസ്ഥാനത്തെ മൊത്തം വോട്ട് വിഹിതത്തിന്റെ കാര്യത്തിലും ഇത്തവണ സിപിഎം പിറകിലാണ്. 2017 ല്‍ 1.5 ശതമാനം വോട്ട് വിഹിതം ആയിരുന്നു സിപിഎമ്മിന് ഉണ്ടായിരുന്നത്. ഇത്തവണ അത് ഒരു ശതമാനത്തിലേക്ക് എത്തുമെന്ന് പോലും കരുതാന്‍ ആവില്ല. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 0.68 ശതമാനം മാത്രമാണ് സിപിഎമ്മിന്റെ വോട്ട് വിഹിതം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...