Rain Updates: മിന്നൽപ്രളയം, മണ്ണിടിച്ചിൽ; ഉത്തരേന്ത്യയിൽ സ്ഥിതിരൂക്ഷം, വിവിധ സ്ഥലങ്ങളിൽ റെഡ് അലർട്ട്
ഹിമാചലിൽ ആറുജില്ലകളിലാണ് പ്രളയമുന്നറിയിപ്പു നൽകിയിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
ന്യൂഡൽഹി: നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ മുങ്ങി ഉത്തരേന്ത്യ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരിക്കുകയാണ്. റോഡുകളും കെട്ടിടങ്ങളും എല്ലാം തകർന്നു. പലയിടത്തായി ആളുകൾ കുടുങ്ങി കിടക്കുകയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് അതിശക്തമായ മഴ നാശം വിതച്ചുകൊണ്ടിരിക്കുന്നത്. ഇവിടങ്ങളിൽ വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് റിപ്പോർട്ട്.
ഹിമാചൽ പ്രദേശിലെ കുളുവിലും മണാലിയിലും മിന്നൽ പ്രളയമുണ്ടായി. ഇത് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ഇതോടെ ടൂറിസ്റ്റ് കേന്ദ്രമായ മണാലി ഒറ്റപ്പെട്ടു. നിരവധി മലയാളികളും ഹിമാചലിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കളമശേരി മെഡിക്കൽ കോളജിൽ നിന്നു പോയ 17 സ്ത്രീകളും 10 പുരുഷൻമാരും അടക്കം 27 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം മണാലിയിൽ കുടുങ്ങിക്കിടക്കുന്നു. തൃശൂർ മെഡിക്കൽ കോളജിലെ 18 പേരടങ്ങുന്ന മെഡിക്കൽ വിദ്യാർഥികളുടെ സംഘവും ഹിമാചലിൽ കുടുങ്ങിയിട്ടുണ്ട്. ജൂൺ 27നാണ് ഇവർ ഹിമാചലിലേക്ക് യാത്രപോയത്. വര്‍ക്കല സ്വദേശി യാക്കൂബ‌്, കൊല്ലം സ്വദേശി സെയ്ദലി എന്നിവരും മണാലിക്ക് സമീപം കുടുങ്ങികിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ ഇവരെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ലെന്നാണ് വിവരം.
ഹിമാചലിൽ ആറുജില്ലകളിലാണ് പ്രളയമുന്നറിയിപ്പു നൽകിയിരിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. കുളുവിൽ ബിയാസ് നദിയുടെ കരയിലുള്ള കെട്ടിടങ്ങൾ ഒലിച്ചുപോയി. ഒട്ടേറെ കാറുകൾ ഒഴുകിപ്പോയി. പാലങ്ങൾ തകർന്നു പ്രദേശങ്ങൾ ഒറ്റപ്പെട്ടു. വാഹനങ്ങളും, കെട്ടിടങ്ങളും മറ്റും ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിനെ തുടർന്ന് മാണ്ഡി–കുളു ദേശീയ പാത അടച്ചു. ദേശീയ പാത ഉൾപ്പെടെ തകർന്നു പോകുന്ന അവസ്ഥയാണ് ഹിമാചലിൽ.
അതേസമയം അടുത്ത 24 മണിക്കൂർ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അഭ്യർഥിച്ചു. ‘‘അടുത്ത 24 മണിക്കൂർ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 1100, 1070, 1077 ഈ മൂന്ന് സഹായ നമ്പരുകളിൽ ജനങ്ങൾക്കു ബന്ധപ്പെടാം. 24 മണിക്കൂറും നിങ്ങളെ സഹായിക്കാൻ കൂടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 14 മരണങ്ങളാണ് മഴക്കെടുതിയിൽ റിപ്പോർട്ട് ചെയ്തത്. വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴയാണ്. നാളെ രാവിലെയോടെ യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തുമെന്ന് ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി അറിയിച്ചു. കേന്ദ്ര ജല കമ്മിഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രളയമുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്ന് ഹരിയാന ഒരു ലക്ഷം ക്യുസെക്‌സ് വെള്ളം യമുനാ നദിയിലേക്ക് തുറന്നുവിട്ടതോടെയാണ് ഡൽഹി സർക്കാർ ഞായറാഴ്ച വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയത്. യമുനയോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് നദീതീരത്ത് നിന്ന് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 41 വർഷത്തിനിടെ ഇതാദ്യമായാണ് ഡൽഹിയിൽ കനത്ത മഴ പെയ്യുന്നത്. റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര റെയിൽവേ 17 ട്രെയിനുകൾ റദ്ദാക്കി. 12 എണ്ണം വഴിതിരിച്ചുവിട്ടു.
ഉത്തരാഖണ്ഡിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഗംഗ ഉൾപ്പെടെ ഉത്തരാഖണ്ഡിലെ എല്ലാ പ്രധാന നദികളിലെയും ജലനിരപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്നിരിക്കുകയാണ്. പ്രതിസന്ധിയെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയാണ് ഉത്തരാഖണ്ഡിൽ പ്രവചിച്ചിരിക്കുന്നത്. ചണ്ഡീഗഡ്, പഞ്ചകുള, മൊഹാലി എന്നിവടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...