Covid vaccination | ചരിത്ര നേട്ടം; ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ 150 കോടി പിന്നിട്ടു; രാജ്യത്തെ കോവിഡ് വാക്സിനേഷൻ സംബന്ധിച്ച പ്രധാന കാര്യങ്ങൾ
ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം നടത്തി രാജ്യം വലിയ നേട്ടം കൈവരിച്ചിരിക്കുയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനേഷൻ യജ്ഞത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് രാജ്യം. രാജ്യത്ത് ആകെ നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 150 കോടി കവിഞ്ഞു. ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം നടത്തി രാജ്യം വലിയ നേട്ടം കൈവരിച്ചിരിക്കുയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സനേതൃത്വത്തിന് കീഴിൽ ആരോഗ്യ പ്രവർത്തകരുടെ അശ്രാന്ത പരിശ്രമം മൂലം സാധ്യമായ "ചരിത്ര നേട്ടം" എന്നാണ് മാണ്ഡവ്യ ഇതിനെ വിശേഷിപ്പിച്ചത്. എല്ലാവരും ഒരുമിച്ച് പരിശ്രമിക്കുമ്പോൾ ഏത് ലക്ഷ്യവും കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു. മുതിർന്ന ജനസംഖ്യയുടെ 90 ശതമാനം പേർക്കും കോവിഡ് വാക്‌സിനേഷൻ നൽകി. ജനുവരി മൂന്ന് മുതൽ 1.5 കോടിയിലധികം കുട്ടികൾ കോവിഡ് വാക്സിൻ സ്വീകരിച്ചതായി മൻസുഖ് മാണ്ഡവ്യയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
ALSO READ: Omicron | സംസ്ഥാനത്ത് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ ഒമിക്രോൺ കേസുകൾ 305 ആയി
ഇന്ത്യയിലെ കൊവിഡ് വാക്സിനേഷനെ സംബന്ധിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ:
രാജ്യത്ത് ഒക്ടോബർ 21 ന് കോവിഡ് വാക്സിനേഷൻ ഡോസുകൾ 100 കോടി കവിഞ്ഞു
പ്രായപൂർത്തിയായ ജനസംഖ്യയുടെ 91 ശതമാനത്തിലധികം പേർക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്. 66 ശതമാനത്തിലധികം പേർ പൂർണ്ണമായും വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ജനുവരി മൂന്നിന് കൗമാരക്കാർക്കുള്ള വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം, യോഗ്യരായ 22 ശതമാനത്തിലധികം കൗമാരക്കാർ ആദ്യ ഡോസ് കുത്തിവയ്പ്പ് നടത്തി.
2021 ജനുവരി 16-ന് രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ്പ് നൽകി.
മുൻനിര തൊഴിലാളികളുടെ വാക്സിനേഷൻ ഫെബ്രുവരി രണ്ട് മുതൽ ആരംഭിച്ചു.
കോവിഡ് വാക്സിനേഷന്റെ അടുത്ത ഘട്ടം മാർച്ച് ഒന്ന് മുതൽ ആരംഭിച്ചു. 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസും അതിൽ കൂടുതലുമുള്ള വിവിധ രോഗങ്ങൾ ഉള്ളവർക്കുമാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകിയത്.
ഏപ്രിൽ ഒന്ന് മുതൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ ആളുകൾക്കും വാക്സിനേഷൻ ആരംഭിച്ചു. തുടർന്ന് മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ അനുവദിച്ചുകൊണ്ട് വാക്സിനേഷൻ ഡ്രൈവ് വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചു.
15-18 വയസ് പ്രായമുള്ള കൗമാരക്കാർക്കായി 2022 ജനുവരി മൂന്ന് മുതൽ കോവിഡ് വാക്സിനേഷന്റെ അടുത്ത ഘട്ടം ആരംഭിച്ചു.
ജനുവരി മൂന്ന് മുതൽ 1.5 കോടിയിലധികം കൗമാരക്കാർക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...