Hyderabad encounter: ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രീംകോടതി സമിതി
അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം.
ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടൽ വ്യാജമെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി. സംഭവവുമായി ബന്ധപ്പെട്ട് പത്ത് പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമിതി ശുപാർശ ചെയ്തു. 2019 ഡിസംബര്‍ ആറിനാണ് കൂട്ടബലാത്സംഗ കേസിലെ നാല് പ്രതികളെയും പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ ആണെന്നും സമിതി വ്യക്തമാക്കി.
അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരണം. 2019 ഡിസംബറിലാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ പ്രതികൾ അതിക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും പിന്നീട് ജീവനോടെ തീയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ടെത്തി. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ മൂന്ന് യുവാക്കളുമായിരുന്നു കേസിലെ പ്രതികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...