ശ്രീനഗർ: കശ്​മീരിൽ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ  ആക്രമണത്തിൽ 13 വയസുകാരൻ കൊല്ലപ്പെട്ടു. ജുനൈദ്​ അഹമദ്​ ഭട്ടാണ്​ സംഘർഷത്തിൽ കൊല്ലപ്പെട്ടത്​.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃതദേഹം വീട്ടിൽ കൊണ്ടുവന്നതിന് പിന്നാലെ നൂറോളം പേർ സൈന്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാരിനെതിരേയും മുദ്രാവാക്യം വിളിച്ചു. ജുനൈദ് പ്രകടനത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും വീടിന് മുന്നില്‍ നിന്നും കലഹം കാണുന്നതിനിടയിലായിരുന്നു വെടിയേറ്റതെന്നും ബന്ധുക്കള്‍ പറയുന്നു. ജുനൈദിന്‍റെ നെഞ്ചിലും തലയിലും കഴുത്തിലുമാണ് പരിക്കേറ്റത്.


സംഘർഷത്തെ തുടർന്ന്​ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രതിഷേധക്കാർക്ക്​ നേരെ ശനിയാഴ്​ച്ചയായിരുന്നു സേന പെല്ലറ്റ്​ ആക്രമണം നടത്തിയത്​. ഈ സമയത്ത്​ വീടിനടുത്തുണ്ടായിരുന്ന ജുനൈദി​ന്‍റെ നെഞ്ചിലും തലയിലും പെല്ലറ്റ്​ പതിക്കുകയായിരുന്നു. ജുനൈദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   


കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മേഖലയിലെ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. വ്യവസായ മേഖലയും സ്തംഭിച്ചിരിക്കുകയാണ്.ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി  കൊല്ലപ്പെട്ടതിനെ തുടർന്നാണ്​ കശ്​മീരിലെ വിവിധയിടങ്ങളിൽ സംഘർഷം ആരംഭിച്ചത്​. സംഘർഷത്തിൽ 90 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽകുകയും ചെയ്​തിരുന്നു.