ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ യാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഈ മാസം 17 ന് വിധി പറയും. മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ യാദവിനെ പാക്‌ സൈനിക കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ജാദവിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്ന് ആരോപിച്ച് 2017 ഏപ്രിലില്‍ പാക്‌ സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 


ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്‍ കോടതി വധശിക്ഷ തടഞ്ഞിരുന്നു. ഇതിനുശേഷമാണ് വാദം കേട്ടത്. 


ശരിയായ വിചാരണ കൂടാതെയാണ് പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ശിക്ഷിച്ചതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചിരുന്നു. 2019 ഫെബ്രുവരി മാസത്തില്‍ നടന്ന വാദംകേള്‍ക്കല്‍ നാലുദിവസം നീണ്ടുനിന്നിരുന്നു.


മുന്‍ സോളിസിറ്റര്‍ ജനറലായ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്രനീതിന്യായ കോടതിയില്‍ ഹാജരായത്.