ഇംഫാലില്‍ ഐഇഡി സ്ഫോടനം
ഇന്ന് പുലര്‍ച്ചെ 4:55 ന് ലാംഫെൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ആര്‍ഐഎംഎസ് റോഡിലെ ഒരു വസ്ത്ര ഷോപ്പിന് മുന്നിലായിരുന്നു സംഭവം നടന്നത്.
ഇംഫാല്‍: മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ സ്ഫോടക വസ്തു (IED) പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ ഇംഫാലിന്‍റെ പടിഞ്ഞാറന്‍ മേഖലയിലായിരുന്നു സ്ഫോടനം.
സ്ഫോടനത്തില്‍ 10 വയസുകാരിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. സ്ഫോടനത്തിൽ നിന്ന് തെറിച്ചുപോയ ഗ്ലാസ്സിൽ നിന്നും പെൺകുട്ടിയുടെ തലയ്ക്ക് ചെറിയ പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇന്ന് പുലര്‍ച്ചെ 4:55 ന് ലാംഫെൽ പോലീസ് സ്റ്റേഷന് കീഴിലുള്ള ആര്‍ഐഎംഎസ് റോഡിലെ ഒരു വസ്ത്ര ഷോപ്പിന് മുന്നിലായിരുന്നു സംഭവം നടന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ഫോടനത്തില്‍ അഞ്ചു കടകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.
സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷാ സേന സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തുകയാണ്.
യുണൈറ്റഡ് ട്രൈബല്‍ ലിബറേഷന്‍ ആര്‍മി (UTLA) എന്ന സംഘടനയിലെ രണ്ട് പ്രവര്‍ത്തകരെ ആസാം റൈഫിള്‍സ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെത്തിരുന്നു. ആസാം റൈഫിള്‍സും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇരുവരും പിടിയിലായത്. ഇതിനു പിന്നാലെയാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.
കസ്റ്റഡിയിലെടുത്തവരെ വിശദമായ ചോദ്യം ചെയ്യലിനായി മണിപ്പൂര്‍ പോലീസിന് കൈമാറിയിരിക്കുകയാണ്. ഇതിനുള്ള പ്രതികാര നടപടിയായാണ് ഈ ഐഇഡി സ്‌ഫോടനമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്.