ജയ്പൂര്‍:  BSPയുടെ ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്ന 6 എം.എല്‍.എമാര്‍ക്ക്  വിപ്പ് നല്‍കിയ പാര്‍ട്ടി  നടപടിയില്‍ പ്രതികരണവുമായി മുന്‍ ബി.എസ്.പി  (BSP) എം.എല്‍.എമാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാര്‍ട്ടി വിപ്പ് നല്‍കിയത്  ബിജെപി നിര്‍ദേശപ്രകാരമാണെന്ന് മുന്‍ ബി.എസ്.പി  (BSP) എം.എല്‍.എമാര്‍ പറഞ്ഞു. കൂടാതെ,  വിപ്പ്  തങ്ങള്‍ക്ക് ബാധകമല്ലെന്നും എം.എല്‍.എമാര്‍ പറഞ്ഞു.


"വിപ്പ് നല്‍കിയ ബി.എസ്.പി നടപടി ബി.ജെ.പി നിര്‍ദേശപ്രകാരമാണ്. ബി.എസ്.പി നേരത്തെ തങ്ങളെ കുറിച്ച് ആലോചിച്ചിരുന്നില്ല. തങ്ങള്‍ കോണ്‍ഗ്രസിലേക്ക് മാറിയതിന് ശേഷം പോലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ബി.ജെ.പിയെ സഹായിക്കാനാണ് ബി.എസ്.പി ശ്രമിക്കുന്നതെന്ന് മനസ്സിലായപ്പോഴാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്",  6  എം.എല്‍.എമാരില്‍ ഒരാളായ വാജിബ് അലി മാധ്യമങ്ങളോട്  പറഞ്ഞു.


"വിപ്പ് തങ്ങളെ ബാധിക്കുന്ന ഒന്നല്ല. കോണ്‍ഗ്രസിന് നല്‍കിവരുന്ന നിരുപാധിക  പിന്തുണ ഇനിയും തുടരും. തങ്ങളുടെ ലയനം  ഔദ്യോഗികവും രാജസ്ഥാന്‍ നിയമസഭ സ്പീക്കര്‍ അംഗീകരിച്ചതുമാണ്. വിപ്പ് പാലിക്കാന്‍ തങ്ങള്‍ക്കൊരു കാരണവുമില്ല. പ്രത്യേകിച്ച് ഞങ്ങളിപ്പോള്‍ ബി.എസ്.പി.യുടെ ഭാഗമേയല്ല", വാജിബ് അലി പറഞ്ഞു.


ഗെഹ്‌ലോട്ടിനെ ഒരു പാഠം പഠിപ്പിക്കുമെന്നും 6  BSP എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നുമായിരുന്നു മായാവതി പറഞ്ഞത്. 


കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും ഒരു പാഠം പഠിപ്പിക്കാന്‍ പറ്റിയ സമയത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. കോടതിയെ സമീപിക്കാനാണ് ഇപ്പോള്‍ ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ഞങ്ങള്‍ വെറുതെ വിടില്ല. ഞങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കും,  മായാവതി പറഞ്ഞു.


കോണ്‍ഗ്രസ്  തങ്ങളുടെ 6  എംഎല്‍എമാരെ   മോഷ്ടിക്കുകയാണ് ചെയ്തതെന്നും നിയമവിരുദ്ധമായ മാര്‍ഗമാണ് ഇതിന് വേണ്ടി അശോക് ഗെഹ്ലോട്ട് സ്വീകരിച്ചതെന്നും മായാവതി കുറ്റപ്പെടുത്തുന്നു.  അവസരം കാത്തിരിക്കുകയായിരുന്നു തങ്ങള്‍. ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നുവെന്നും മായാവതി പറഞ്ഞു.


രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം വേണമെന്നു൦  മായാവതി  ആവശ്യപ്പെട്ടു. തങ്ങളുടെ എംഎല്‍എമാരെ നിയമവിരുദ്ധമായി വശത്താക്കി അധികാരം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി.


നിയമസഭാ തെരഞ്ഞെടുപ്പില്‍  200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 101 ഉറപ്പിക്കാന്‍ ഗെഹ്‌ലോട്ടിന് കഴിഞ്ഞത് സെപ്റ്റംബറില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ബി.എസ്.പി എം.എല്‍.എമാരുടെ പിന്തുണയോടെയായിരുന്നു.


വിപ്പ് പുറത്തിറക്കിയ BSP ഈ വിഷയത്തില്‍  കോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.