സര്‍വ്വകക്ഷിയോഗം; സർക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ
തീവ്രവാദത്തിനെതിരെ സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്ന പ്രമേയം പാസ്സാക്കി സര്‍വ്വകക്ഷിയോഗം.
ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ സർക്കാരിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്ന പ്രമേയം പാസ്സാക്കി സര്‍വ്വകക്ഷിയോഗം.
പുൽവാമ ജില്ലയിലെ അവന്തിപ്പോറയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ കക്ഷികൾ. രാവിലെ 11 മണിയ്ക്കാണ് പാർലമെന്‍റ് ലൈബ്രറി മന്ദിരത്തില്‍ സർവകക്ഷിയോഗം ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗിന്‍റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.
യോഗത്തില്‍, ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ആഭ്യന്തരമന്ത്രി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളോട് വിശദീകരിച്ചു.
സര്‍വ്വകക്ഷി യോഗത്തില്‍ കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജ്യോതിരാദിത്യ സിന്ധ്യ, എൻസിപി നേതാവ് ശരദ് പവാർ, സുദീപ് ബന്ദോപാധ്യായ, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയൻ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റൗത്, കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ രാം വിലാസ് പസ്വാൻ, പാർലമെന്‍ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവര്‍ പങ്കെടുത്തു.
ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച നിലപാട് കോൺഗ്രസ് ആവർത്തിച്ചു. ഇത്തരമൊരു ആക്രമണത്തിനിടയിൽ രാഷ്ട്രീയം പറയാനില്ലെന്നും എന്ത് നടപടിയെടുത്താലും കോൺഗ്രസ് സർക്കാരിന് പിന്തുണ നൽകുമെന്നും കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.