ന്യൂഡല്‍ഹി :  ആഗോളതലത്തില്‍ മൊബൈല്‍ ആപ്പ് ഉപഭോഗത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഈ രംഗത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ത്വരിത വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ ചൈന, അമേരിക്ക, ബ്രസീല്‍ എന്നി രാജ്യങ്ങള്‍ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യ മൊബൈല്‍ ആപ്പ് യുഗത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് മൊബൈല്‍ ആപ്പ് അനാലിറ്റിക്‌സ് കമ്പനി ആപ്പ് ആനിയുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ഈ വര്‍ഷം ഇന്ത്യയില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ 92 ശതമാനത്തിന്‍റെ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ ഈ വര്‍ഷം ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ എണ്ണം 770 കോടിയാകും. 2020 ഓടേ ഇത് 2000 കോടിയായി ഉയരുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുളള ചൈനയുടെ വളര്‍ച്ച ഈ വര്‍ഷം 29 ശതമാനമായി താഴും. എന്നാല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇന്ത്യയേക്കാള്‍ ആറ് മടങ്ങായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. അതുപോലെ തന്നെ ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളില്‍ സമയം ചെലവഴിക്കുന്നതും ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്. 2014 നെ അപേക്ഷിച്ച് ഇരട്ടിയായിട്ടാണ് ഉയര്‍ന്നത്.


നിലവില്‍ മൊബൈല്‍ ഫോണില്‍ മൊബൈല്‍ ബ്രൗസറുമായി താരതമ്യം ചെയ്താല്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ 93 ശതമാനമായിട്ട് ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ന്യായ വിലക്ക് സ്മാര്‍ട്ട് ഫോണുകള്‍ ലഭിക്കുന്നതും, അടിസ്ഥാനസൗകര്യങ്ങളുടെ വികാസവും, ജനസംഖ്യയുമാണ് ഈ രംഗത്തെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.