ന്യൂഡല്‍ഹി:  രാജ്യത്ത്  കോവിഡ്‌ വ്യാപനം ആഭ്യന്തര പ്രശ്നമായി നില കൊള്ളുമ്പോള്‍  അതിര്‍ത്തി പ്രശ്​നവും തല പൊക്കുന്നു... 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ചൈന  അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും സൈനിക ബലം വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. അയ്യായിരം സൈനികരെയാണ് ചൈന വിന്യസിച്ചിരിയ്ക്കുന്നത്  എന്നാണ് റിപ്പോര്‍ട്ട്.  ഇന്ത്യയും ഈ പ്രദേശത്തേക്ക് കുടുതല്‍ സൈനികരെ അയയ്ക്കുകയും സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.


ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍   പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത സേനാമേധാവിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും നിര്‍ണ്ണായക ചര്‍ച്ച നടത്തി.


പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവര്‍ക്കൊപ്പം കര, വ്യോമ, നാവികസേനാ മേധാവികളും പങ്കെടുത്തു.  
വിദേശകാര്യ സെക്രട്ടറിയുമായി പ്രധാനമന്ത്രി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.


അതേസമയം, പ്രതിരോധ മന്ത്രി രാജ്​നാഥ്​ സി൦ഗും മൂന്ന്​ സൈനിക മേധാവിമാരുമായി പ്രശ്​നം ചര്‍ച്ച ചെയ്​തിരുന്നു.  


സിക്കിം, ലഡാക്ക് അതിര്‍ത്തികളില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നത്.


തന്ത്രപരമായ രഹസ്യയോഗമാണ് കേന്ദ്രത്തില്‍ നടന്നത്. സംഘര്‍ഷ സാഹചര്യമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്തത്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഈമാസം ആദ്യവാരം മുതല്‍ തുടങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.


ലഡാക്കില്‍ ആയിരക്കണക്കിന് ചൈനീസ് സൈനികര്‍ അതിര്‍ത്തി ലംഘിച്ചതായും പലരും നിയന്ത്രണരേഖയ്ക്ക് വളരെ അടുത്താണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാല്‍വന്‍ താഴ്‌വരയിലെ നദീതീരത്ത് ചൈന നടത്തിയ നീക്കങ്ങള്‍ ഇന്ത്യക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ നിര്‍മ്മിച്ച റോഡ് നിര്‍മ്മാണത്തിന് ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ചൈനയുടെ സൈനികവിന്യാസം.