India Covid Updates: കൊവിഡിൽ ആശ്വാസ കണക്കുകൾ; തുടർച്ചയായ രണ്ടാം ദിനവും രോഗികൾ ഒരുലക്ഷത്തിൽ താഴെ, മരണം 2,219
24 മണിക്കൂറിനിടെ 2,219 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 3,53,528 ആയി
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് (Covid 19) രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിൽ താഴെ. രാജ്യത്ത് (India) കൊവിഡ് വ്യാപനം കുറയുന്നതായാണ് പ്രതിദിന കൊവിഡ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 92,596 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,90,89,069 ആയി.
24 മണിക്കൂറിനിടെ 2,219 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 3,53,528 ആയി. 12,31,415 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ 1,62,664 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,75,04,126 ആയി. രാജ്യത്ത് ഇതുവരെ 23,90,58,360 പേരാണ് വാക്സിൻ സ്വീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ALSO READ: Covid 19 രോഗബാധ മൂലം അനാഥരായ കുട്ടികളെ അനധികൃതമായി ദത്തെടുക്കുന്നത് തടയണമെന്ന് സുപ്രീം കോടതി
അതേസമയം, രാജ്യത്ത് അനുമതി ലഭിച്ച കൊവിഡ് വാക്സിനുകളുടെ (Covid vaccine) വില കേന്ദ്രസർക്കാർ നിശ്ചയിച്ചു. സ്വകാര്യ ആശുപത്രികൾ കൊവിഡ് വാക്സിനുകൾക്ക് അമിത വില ഈടാക്കുന്നതായി റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. കേന്ദ്ര സർക്കാർ പുറത്ത് വിട്ട ഉത്തരവ് പ്രകാരം കൊവിഷീൽഡിന് 780 രൂപയും കൊവാക്സിൻ 1,410 രൂപയും സ്പുട്നിക്-വി വാക്സിന് 1,145 രൂപയുമേ ഈടാക്കാൻ സാധിക്കൂ. ടാക്സും ആശുപത്രികളുടെ സർവീസ് ചാർജായ 150 രൂപയും ചേർത്താണ് വില നിശ്ചിയിച്ചിരിക്കുന്നത്. ആശുപത്രികളിൽ വാക്സിനേഷന്റെ സർവീസ് ചാർജിനായി അധിക തുക ഈടാക്കുന്നുണ്ടോയെന്ന് സംസ്ഥാന സർക്കാർ നിരീക്ഷിക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.
എന്നാൽ രാജ്യത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കിയിരുന്നു. ജൂൺ 21ന് ശേഷം കോവിഡ് വാക്സിൻ വിതരണം കേന്ദ്രം നേരിട്ട് കൈകാര്യം ചെയ്യുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ALSO READ: New coronavirus variant: രാജ്യത്ത് വീണ്ടും ഒരു കോവിഡ് വകഭേദം കൂടി കണ്ടെത്തി
എല്ലാ ജനങ്ങൾക്കും വാക്‌സിൻ നൽകുമെന്ന് അറിയിച്ചതിന് പിന്നാലെ 44 കോടി വാക്‌സിൻ ഡോസുകൾക്ക് കൂടി ഓർഡർ നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. പുതിയ വാക്‌സിൻ നയം നടപ്പിലാക്കാൻ ഇന്ത്യയ്ക്ക് 50,000 കോടി രൂപയുടെ ചിലവ് വരുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിന് ആവശ്യമായ ഫണ്ട് ഇപ്പോൾ രാജ്യത്ത് ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ പരീക്ഷണം നടന്ന് കൊണ്ടിരിക്കുന്ന ബയോളോജിക്കൽ ഇ യുടെ 30 കോടി കോവിഡ് വാക്‌സിനും കേന്ദ്ര സർക്കാർ ഓർഡർ നൽകിയിരുന്നു.
കേന്ദ്രത്തിന്റെ വാക്സിനേഷൻ നയത്തിനെതിരെ കഴിഞ്ഞ കുറേ നാളുകളായി സുപ്രീംകോടതി നിരന്തരം വിമർശനം ഉന്നയിച്ചിരുന്നു. വാക്സിൻ വിതരണത്തിലെ അപാകതകളെക്കുറിച്ച് കോടതിയിൽ വാദങ്ങൾ നടക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ വാക്സിനേഷൻ നയത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. 45 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനും 45 വയസിന് താഴെയുള്ളവർക്ക് പണം നൽകി വാക്സിനും ലഭ്യമാക്കാനുമുള്ള തീരുമാനം വിവേചനപരമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...